ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ ഹിന്ദിയിലാക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കേസുകൾ പരിഗണിക്കുന്ന പരമോന്നത കോടതിയിൽ ഹിന്ദിക്ക് മാത്രം പ്രത്യേക പരിഗണന നൽകുന്നതിന്റെ പ്രസക്തി ചോദ്യംചെയ്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.സുപ്രീംകോടതി നടപടികൾ ഇംഗ്ലീഷ് ഭാഷയിലായിരിക്കണമെന്ന് ഭരണഘടനയുടെ 348(1) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ വ്യവസ്ഥയുടെ സാധുത ചോദ്യംചെയ്തായിരുന്നു ഹരജി. ഹിന്ദി മാത്രം ഉപയോഗിക്കുന്നതിന്റെ ആവശ്യം എന്തെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള അപ്പീലുകളും പ്രത്യേക അനുമതി ഹരജികളും സുപ്രീംകോടതിയിലെത്തുന്ന സാഹചര്യത്തിൽ ഓരോ ഭാഷയിലും വാദം കേൾക്കണമോയെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ 348(1) അനുച്ഛേദത്തിന്റെ സാധുത എങ്ങനെ ചോദ്യംചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നീതി ലഭിക്കുന്നതിനുള്ള കാലതാമസവും, അതിലുപരി ചില സന്ദർഭങ്ങളിൽ നീതി നിഷേധിക്കപ്പെടുന്നതിനും ഭാഷാപരമായ തടസ്സം കാരണമാകുന്നുവെന്നാണ് ഹരജിക്കാരന്റെ വാദം. എന്നാൽ ഹരജി പരിഗണിച്ച ബെഞ്ച് ഇത് തള്ളുകയായിരുന്നു. ഹരജിയിൽ മതിയായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.ഭരണഘടനയുടെ 348(1) അനുച്ഛേദപ്രകാരം പാർലമെന്റ് നിയമം വഴി മറ്റൊരു വ്യവസ്ഥ ചെയ്യുന്നതുവരെ സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും നടപടികൾ ഇംഗ്ലീഷ് ഭാഷയിലായിരിക്കണം. നിയമനിർമാണവുമായി ബന്ധപ്പെട്ട ബില്ലുകൾ, നിയമങ്ങൾ, ഓർഡിനൻസുകൾ, ഉത്തരവുകൾ, ചട്ടങ്ങൾ, നിയന്ത്രണങ്ങൾ തുടങ്ങിയവയുടെ ഔദ്യോഗിക പാഠങ്ങൾക്കും ഇതേ വ്യവസ്ഥ ബാധകമാണ്. അതേസമയം, ഭരണഘടനയിലെ വ്യവസ്ഥകൾ പ്രകാരം ചില ഹൈക്കോടതികളിൽ ഇംഗ്ലീഷിന് പുറമെ മറ്റ് ഭാഷകൾക്കും അനുമതി നൽകിയിട്ടുണ്ട്. രാജസ്ഥാൻ ഹൈക്കോടതിയിൽ ഹിന്ദി ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും പിന്നീട് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ ഹൈക്കോടതികളിലും ഹിന്ദി ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ അവകാശപ്പെട്ടിരുന്നു. സുപ്രീംകോടതിയുടെ വിധികൾ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്. 2023 ഡിസംബർ വരെ 31,184 വിധികൾ 16 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതായി കേന്ദ്രസർക്കാർ ലോക്സഭയിൽ അറിയിച്ചിരുന്നു. ഇതിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വിധികളും ഉൾപ്പെടുന്നു
സുപ്രീംകോടതിയിൽ ഹിന്ദിക്ക് പ്രത്യേക പരിഗണന വേണ്ട; ഹർജി തള്ളി മൂന്നംഗ ബെഞ്ച്
