ശബരിമലയിലെ പൂജാ സാധനങ്ങള്‍; ദേവസ്വം ബോര്‍ഡിന്‍റെ സത്യവാങ്മൂലം തള്ളി, 10 വര്‍ഷത്തെ രേഖകള്‍ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്

ശബരിമലയില്‍ അഷ്ടാഭിഷേകം, നിത്യ പൂജ തുടങ്ങിയ വഴിപാടുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി.കഴിഞ്ഞ 10 വർഷത്തിനിടെ അഷ്ടാഭിഷേകം, മഹാ നിവേദ്യം, ഗണപതി ഹോമം ഉള്‍പ്പെടെയുള്ള വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയില്‍ ഹാജരാക്കാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് വി രാജ വിജയരാഘവനും ജസ്റ്റിസ് കെ വി ജയകുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുനില്‍ കുമാർ (സുനില്‍ സ്വാമി) ഉള്‍പ്പെടെയുള്ള സ്പോണ്‍സർമാർ നല്‍കിയ സാധനങ്ങളുടെ വിവരങ്ങള്‍, സ്റ്റോക്ക് രജിസ്റ്റർ, ഓഡിറ്റർമാരുടെ റിപ്പോർട്ടുകള്‍, ഓഡിറ്റ് രേഖകള്‍ എന്നിവയും സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.നിലവിലെ നടപടിക്രമങ്ങള്‍ സുതാര്യമാണോയെന്ന് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനും കോടതി നിർദേശം നല്‍കി. ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസ് പരിഗണിച്ചത്. വഴിപാടുകള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കേരള ഫിനാൻഷ്യല്‍ കോഡും പർച്ചേസ് മാന്വലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സബ് ഗ്രൂപ്പ് ഓഫീസറും പാലിക്കേണ്ടതില്ലെന്ന ദേവസ്വം ബോർഡിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരമൊരു നിലപാട് ദുരുപയോഗത്തിനും തട്ടിപ്പിനും വഴിയൊരുക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.വഴിപാടുകള്‍ക്കായി വാങ്ങുന്ന ചില സാധനങ്ങള്‍ വേഗത്തില്‍ നശിക്കുന്നതിനാല്‍ ബില്‍ ഹാജരാക്കാൻ കഴിയില്ലെന്ന വാദവും കോടതി തള്ളി. പാലും റോസ് വാട്ടറും കരിക്കും വാങ്ങുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് 300 രൂപ വീതം നല്‍കുന്ന രീതി തുടരാനാകില്ലെന്നും വ്യക്തമാക്കി. മഹാ നിവേദ്യപ്രസാദത്തിനായി സുനില്‍ കുമാർ നല്‍കിയ സാധനങ്ങള്‍ക്ക് ബോർഡിന്റെ നിർദേശം ഉണ്ടായിരുന്നിട്ടും രസീത് നല്‍കിയില്ലെന്ന കാര്യം ആശങ്കാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സാധനങ്ങള്‍ സ്വീകരിക്കുന്ന സമയത്ത് അതിന്റെ തുക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രേഖപ്പെടുത്തുന്നുണ്ടെന്ന വിജിലൻസ് ആരോപണത്തിനും ബോർഡ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.ദേവസ്വം ബോർഡിന് ലഭിക്കുന്ന ഫണ്ട് ഭക്തരില്‍ നിന്നുള്ളതാണെന്നും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഒഴിവാക്കുന്ന തരത്തിലുള്ള ഉത്തരവുകള്‍ ബോർഡിന് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പൂജാ സാധനങ്ങള്‍ വാങ്ങുന്നതിന് ബില്ലും വൗച്ചറും നിർബന്ധമായും വേണമെന്ന നിലപാടും കോടതി ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *