ജാതി സ്പര്‍ദ്ധ വളര്‍ത്താൻ ശ്രമം: ‘ശുദ്ധീകരണ’ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയില്‍ കേസെടുത്തു

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പരിപാടി നടന്ന വേദിയില്‍ നടത്തിയ ശുദ്ധീകരണ ചടങ്ങിന് ജാതീയ നിറം നല്‍കിയെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധി എം.പിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.ഹല്‍ദ്വാനിയിലെ വാല്‍മീകി സമുദായാംഗവും ശ്രീറാം സേന ധാർമിക് സേവാ ന്യാസ് അംഗവുമായ അമിത് കുമാർ നല്‍കിയ പരാതിയിലാണ് ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തത്.ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം (SC/ST Act) ചുമത്തിയാണ് കേസ്. ഓഗസ്റ്റ് 29-ന് ഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകള്‍ വാല്‍മീകി സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.ഓഗസ്റ്റ് 8-ന് ഖാർഗെ പങ്കെടുത്ത ഹല്‍ദ്വാനി രാംലീല ഗ്രൗണ്ടിലെ പൊതുസമ്മേളനത്തിന് ശേഷം ഓഗസ്റ്റ് 11-നാണ് ചിലർ ഇവിടെ ‘ശുദ്ധി കലശം’ നടത്തിയത്. ദളിത് നേതാവായ ഖാർഗെ പങ്കെടുത്തതിനാലാണ് ബി.ജെ.പി വേദി ശുദ്ധീകരിച്ചതെന്നും ഇത് ദളിത് വിരുദ്ധ മനോഭാവമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സമ്മേളനത്തിന് ശേഷം വേദി മലിനമാക്കപ്പെട്ടതിനാലാണ് ശുചീകരണ ചടങ്ങ് നടത്തിയതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നവർ ‘അയിത്തം’ ആചരിക്കുന്നവരാണെന്നും ‘ദളിത് വിരുദ്ധരാണെന്നും’ രാഹുല്‍ ഗാന്ധി തെറ്റായി ചിത്രീകരിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എന്നാല്‍ സംഭവത്തില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *