ഗംഗയിൽ മാംസാഹാര അവശിഷ്‌ടം തള്ളുന്നത് ഹിന്ദു വികാരം 
വ്രണപ്പെടുത്തുമെന്ന് അലഹബാദ്‌ ഹൈക്കോടതി

പ്രയാഗ്‌രാജ്‌: മാംസാഹാര അവശിഷ്‌ടങ്ങൾ ഗംഗാനദിയിൽ തള്ളുന്നത്‌ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുമെന്ന്‌ അലഹബാദ്‌ ഹൈക്കോടതി. വാരാണസിയിൽ ബോട്ടിൽ ഇഫ്‌താർ വിരുന്ന്‌ നടത്തിയവർ ആഹാര അവശിഷ്‌ടങ്ങൾ ഗംഗയിൽ തള്ളിയെന്ന കേസിൽ അഞ്ചുപേർക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ കോടതി നിരീക്ഷണം.പ്രതികൾ ക്ഷമാപണം നടത്തിയതും സമൂഹത്തിനുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചതും പരിഗണിച്ചാണ്‌ ജാമ്യം നൽകുന്നതെന്ന്‌ ജസ്റ്റിസ്‌ രാജീവ്‌ലോചൻ ശുക്ല പറഞ്ഞു. കേസിൽ മൂന്നുപേർക്ക്‌ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.ഇഫ്‌താർ വിരുന്ന്‌ നടത്തിയ മുസ്ലിം യുവാക്കൾക്കെതിരെ ബിജെപി– യുവമോർച്ച നേതാവ്‌ രജത്‌ ജയ്‌സ്വാൾ നൽകിയ പരാതിയിലാണ്‌ കേസെടുത്തത്‌. ആരാധനാസ്ഥലം മോശമാക്കി, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തിയത്‌. സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമമാണെന്ന്‌ നിരീക്ഷിച്ച്‌ വാരാണസി സെഷൻസ്‌ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *