കോയമ്പത്തൂര്‍ എംഡിഎംഎ വേട്ട; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

കോയമ്പത്തൂർ എംഡിഎംഎ വേട്ടയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പൊലീസ്. മലപ്പുറം ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണ സംഘം രൂപീകരിക്കുക.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷമായിരിക്കും പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കുക.കേരളത്തിലേക്ക് കടത്താനിരുന്ന 12 കിലോ എംഡിഎംഎയാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നും പിടികൂടിയത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബര്‍(21) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.വിപണിയില്‍ പത്തുകോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. ലഹരി വാഹനത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു. നേരത്തെ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസിന്റെ തുടരന്വേഷണത്തിലാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ മഞ്ചേരി ഇന്‍സ്‌പെക്ടര്‍ ടി.ജി ദിലീപ്, ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.അതിനിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 19 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശിനി പിടിയിലായി. ചെന്നൈ – മംഗലാപുരം എക്സ്പ്രസില്‍ കടത്താൻ ശ്രമിച്ച കഞ്ചാവാണ് ജിആർപിയും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. പശ്ചിമ ബംഗാള്‍ സ്വദേശി മിനോതിസർദാർ ആണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *