പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തി; 22കാരന് 27 വര്‍ഷം തടവിന് വിധിച്ച്‌ കോടതി

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലഹരി നല്‍കി ലൈംഗീകാതിക്രമം നടത്തിയ കേസില്‍ 22കാരനായ പ്രതിക്ക് തടവും പിഴയും.തൃക്കൈപ്പറ്റ നെല്ലിമാളം കല്ലറ വീട്ടില്‍ മിഥുൻ ദാസ് (22)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 27 വർഷവും ഒൻപത് മാസം തടവും 77000 രൂപ പിഴയടക്കണമെന്നും ജഡ്ജ് കെ കൃഷ്ണകുമാർ വിധിന്യായത്തില്‍ വ്യക്തമാക്കി.2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കുട്ടി താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ലഹരി കലർത്തിയ സിഗരറ്റ് വലിപ്പിച്ച്‌ മയക്കിയ ശേഷം കുട്ടിക്കെതിരെ ലൈഗീകാതിക്രമം നടത്തിയെന്നാണ് കേസ്. മിഥുനെതിരെ നേരത്തെയും പരാതികള്‍ ഉയർന്നിരുന്നു. കല്‍പ്പറ്റ, ബത്തേരി, ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്റ്റേഷനുകളിലായി അഞ്ച് കേസുകളില്‍ പ്രതിയാണ് ഇയാള്‍.ലെെംഗികാതിക്രമക്കേസില്‍ അന്നത്തെ കല്‍പ്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്‌.ഒ ആയിരുന്ന ബിജു ആന്റണി കേസ് രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും പിന്നീട് ബി.കെ സിജു കേസില്‍ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. എ.എസ്.ഐ കെ. റസാഖ്, സിവില്‍ പോലീസ് ഓഫീസർ ജുനൈദ് എന്നിവർ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *