മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് തിങ്കളാഴ്ച കേസെടുക്കും.തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. പ്രത്യേക സംഘമായിരിക്കും കേസില്‍ അന്വേഷണം നടത്തുകയന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. സർക്കാർ അപ്പീല്‍ പോകേണ്ട കാര്യമില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.ഇഡി നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രാഥിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്. സർക്കാരിന്‍റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച ഡിജിപി ഇറക്കിയ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് ഇന്നലെ വൈകുന്നേരം വിജിലൻസ് ആസ്ഥാനത്തെത്തി. വിജിലൻസ് നിയമോപദേശകർ ഉത്തരവ് പരിശോധിക്കുകയാണ്. തിങ്കളാഴ്ച രാവിലെയാകും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക. രണ്ട് ദിവസം പ്രവൃത്തി ദിവസമല്ലാത്തതുകൊണ്ടാണ് തിങ്കളാഴ്ചയിലേക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് മാറ്റിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ അപാകത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പിണറായി വിജയനും മുഹമ്മദ് റിയാസും ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാല്‍ കരുതലോടെയാണ് നീക്കം. സർക്കാർ അപ്പീല്‍ നല്‍കണമെന്ന സിപിഎം ആവശ്യം സർക്കാർ കണക്കിലെടുക്കുന്നില്ല.
മാസപ്പടി-ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും
