മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കരുത്. മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം അപൂര്‍വമായാണ് അധികൃതര്‍ വിനിയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

കുന്നംകുളത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ലൈസന്‍സും അനുബന്ധ രേഖകളും ഉടന്‍ തന്നെ ലൈസന്‍സിങ് അതോറിറ്റിക്ക് കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ലൈസന്‍സ് റദ്ദാക്കുന്നത് ഉറപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുന്ന സംഭവത്തില്‍ പ്രാഥമിക തെളിവ് ഉണ്ടെങ്കില്‍ ലൈസന്‍സ് അതോറിറ്റി അടിയന്തരമായി ഇടപെടണം. മദ്യപിച്ച് വാഹനം ഓടിക്കല്‍ അടക്കമുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിര്‍ദേശമുണ്ട്. റോഡ് സുരക്ഷ പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യവും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *