‘ആരും ഭരണഘടനയ്ക്ക് മുകളിലല്ല, വോട്ടവകാശം നിഷേധിക്കുന്നത് ന്യായീകരിക്കാനാവില്ല’: വിമര്‍ശിച്ച്‌ സുപ്രീം കോടതി ജഡ്ജി

രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി ജഡ്ജി ഉജ്ജല്‍ ഭുയാൻ.ഇന്ത്യൻ ഭരണഘടനയില്‍ വോട്ടവകാശമുള്ളവരെന്നും ഇല്ലാത്തവരെന്നും രണ്ട് തരം പൗരന്മാരെ വിഭാവനം ചെയ്യുന്നില്ലെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു. ഹൈദരാബാദിലെ നല്‍സാർ ലോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരും ഭരണഘടനയ്ക്ക് മുകളിലല്ല. വോട്ടവകാശം ദുർബലമാക്കുന്ന ഒരു പ്രക്രിയയും കോടതിക്ക് അംഗീകരിക്കാനാവില്ല. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനം വോട്ടാണ്. പൗരനില്‍ നിന്ന് വോട്ടവകാശമോ വോട്ടർപട്ടികയില്‍ ഉള്‍പ്പെടാനുള്ള അവകാശമോ വേർപെടുത്താൻ കഴിയില്ല.ദശലക്ഷക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കുന്ന ഏതൊരു നടപടിയും ഭരണഘടനാപരമായി ഏകപക്ഷീയമാണ്. അത്തരം നടപടി ഇന്ത്യ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയില്‍ വോട്ടവകാശമുള്ള പൗരന്മാരെന്നും വോട്ടവകാശമില്ലാത്ത പൗരന്മാരെന്നും രണ്ട് വിഭാഗങ്ങളില്ല.ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കുന്നത് ഭരണഘടനയുടെ 14, 326 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണ്. രാജ്യത്തിന്റെ ഭരണഘടനാ ക്രമത്തെത്തന്നെ ഇല്ലാതാക്കുന്ന നടപടിയാണിത്. ഏതൊരു ഭരണകൂടത്തിനോ കോടതിക്കോ ഇതിന് അനുമതി നല്‍കാനാകില്ലെന്നും‌ അദ്ദേഹം പറഞ്ഞു.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വോട്ടർപട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാൻ സാധിക്കുമെങ്കിലും, ബന്ധപ്പെട്ട വ്യക്തിക്ക് ന്യായമായ രീതിയില്‍ വാദം കേള്‍ക്കാനുള്ള അവസരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരിച്ച വോട്ടർമാരുടെ കാര്യത്തിലൊഴികെ, വോട്ടർപട്ടികയില്‍ ഒരിക്കല്‍ ഉള്‍പ്പെടുത്തിയ പേര് വാദം കേള്‍ക്കാനുള്ള അവസരവും നല്‍കാതെ നീക്കം ചെയ്യാനാകില്ലെന്ന മുൻ സുപ്രീംകോടതി വിധിയും അദ്ദേഹം ഓർമിപ്പിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ SIR നടപടിയെച്ചൊല്ലി രാഷ്ട്രീയ വിവാദം തുടരുന്നതിനിടെയാണ് ജസ്റ്റിസ് ഭുയാന്റെ പരാമർശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *