ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കിയ നടപടി; വനിതാ ഗുസ്തി താരങ്ങൾ സമർപ്പിച്ച അപ്പീൽ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ റെസ്‌ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കിയതിനെതിരെ വനിതാ ഗുസ്തി താരങ്ങൾ സമർപ്പിച്ച അപ്പീൽ ഡൽഹി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബ്രിജ് ഭൂഷണെയും കേസിലെ മറ്റൊരു പ്രതിയായ വിനോദ് തോമറിനെയും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കിയ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരാണ് അപ്പീൽ.വിധി നിയമപരമായി നിലനിൽക്കില്ലെന്നും ഇരകളുടെ സാഹചര്യങ്ങൾ പരിഗണിക്കാതെയാണ് കോടതി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള നാല് വനിതാ ഗുസ്തി താരങ്ങൾ കോടതിയെ സമീപിച്ചത്.

ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു വ്യക്തി എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതവും കാലഹരണപ്പെട്ടതുമായ സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചതെന്നും ഇരകളുടെ യഥാർത്ഥ സാഹചര്യങ്ങൾ കോടതി കണക്കിലെടുത്തില്ലെന്നും താരങ്ങൾ ആരോപിച്ചു. താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ സുപ്രിംകോടതി ഇടപെടലിനെത്തുടർന്ന് 2023 ഏപ്രിലിലാണ് ഡൽഹി പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *