കോച്ചിംഗ് സെന്ററിലെ വെടിവെപ്പ് കേസ്: ഖാൻ സാറിന് താല്‍ക്കാലിക ആശ്വാസം; അറസ്റ്റ് കോടതി തടഞ്ഞു

പട്‌ന: പ്രമുഖ അധ്യാപകനും യൂട്യൂബറുമായ ഫൈസല്‍ ഖാന് (ഖാന്‍ സാര്‍) വെടിവെപ്പ് കേസില്‍ താല്‍ക്കാലിക ആശ്വാസം. പട്‌നയിലെ അദ്ദേഹത്തിന്റെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ മാസം ആദ്യം നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ ഖാന്‍ സാറിനെ അറസ്റ്റ് ചെയ്യുന്നത് പട്‌ന ജില്ലാ കോടതി താല്‍ക്കാലികമായി തടഞ്ഞു.ഖാന്‍ സാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജില്ലാ ജഡ്ജിയുടെ കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചത്. കേസില്‍ ഖാന്‍ സാറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും എന്നാല്‍ ഈ താല്‍ക്കാലിക ഉത്തരവ് നിലനില്‍ക്കുന്നിടത്തോളം അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും കോടതി വ്യക്തമാക്കി.ജൂണ്‍ 2-ന് പട്‌നയിലെ കോച്ചിംഗ് സെന്ററിലുണ്ടായ വെടിവെപ്പിലാണ് കദംകുവാന്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.കേസില്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തങ്ങളാണ് വെടിവെപ്പ് നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.കോച്ചിംഗ് സെന്ററിന് ഉള്ളില്‍ നിന്നുള്ള ആസൂത്രണ പ്രകാരമാണ് വെടിവെപ്പ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തനിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയാണ് ഖാന്‍ സാര്‍ കോടതിയെ സമീപിച്ചത്.കേസിന്റെ ഡയറിയും ഇതുവരെ ശേഖരിച്ച തെളിവുകളും ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതിയായ റോഷന്‍ ആനന്ദ് എന്ന മറ്റൊരാളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *