അഭിഷേക് ബാനര്‍ജിയുടെ കുടുംബാംഗത്തിനും ‘ലീപ്‌സ് ആൻഡ് ബൗണ്ട്‌സി’നും പുതിയ നോട്ടീസ് നല്‍കാൻ കെഎംസിക്ക് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശം

കൊല്‍ക്കത്തയിലെ കാളിഘട്ട് പ്രദേശത്തുള്ള ഒരു കെട്ടിട നിര്‍മ്മാണത്തിന്റെ നിയമസാധുതയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി അഭിഷേക് ബാനര്‍ജിയുടെ കുടുംബാംഗത്തിനും ‘ലീപ്സ് ആന്‍ഡ് ബൗണ്ട്സ്’ കമ്പനിക്കും പുതിയ നോട്ടീസ് അയക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി.ടിഎംസി എംപി താമസിക്കുന്ന വീടിന്റെ ചില ഭാഗങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത് അമിത് ബാനര്‍ജിയും ലീപ്സ് ആന്‍ഡ് ബൗണ്ട്സ് കമ്പനിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.മറ്റൊരു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ വിവരങ്ങള്‍ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് ലീപ്സ് ആന്‍ഡ് ബൗണ്ട്സിന്റെ സിഇഒ.നേരത്തെ കെഎംസി നല്‍കിയ നോട്ടീസുകള്‍ അപൂര്‍ണ്ണമായിരുന്നുവെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സ്മിത ദാസ് ദേ അധ്യക്ഷയായ വെക്കേഷന്‍ ബെഞ്ച്, കെട്ടിടത്തിന്റെ ഏതെല്ലാം ഭാഗങ്ങളാണ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ നോട്ടീസ് അയക്കാന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. ഒരു ആഴ്ചയ്ക്കകം സ്പീഡ് പോസ്റ്റ് വഴി ഈ നോട്ടീസുകള്‍ അയക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.നോട്ടീസ് ലഭിച്ചതിന് ശേഷമുള്ള തൊട്ടടുത്ത മൂന്ന് ആഴ്ചയ്ക്കകം നോട്ടീസുകളിന്മേലുള്ള തങ്ങളുടെ നിലപാട് അമിത് ബാനര്‍ജിയും ലീപ്സ് ആന്‍ഡ് ബൗണ്ട്സും കോര്‍പ്പറേഷനെ അറിയിക്കണമെന്നും ജസ്റ്റിസ് ദാസ് ദേ നിര്‍ദ്ദേശിച്ചു. കേസ് നാല് ആഴ്ചയ്ക്ക് ശേഷം ഹൈക്കോടതിയുടെ റെഗുലര്‍ ബെഞ്ച് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *