അമ്മയെ കൊന്ന കേസില്‍ പിടിയിലായ യുവതിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍; പിതാവിൻ്റെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു

രാജസ്ഥാനിലെ ജയ്‌പൂരില്‍ അമ്മയെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇരുപത്തിമൂന്നുകാരിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.കേസില്‍ അറസ്റ്റിലായ എല്‍എല്‍ബി വിദ്യാർത്ഥിനി ആയുഷി ശർമ്മയ്ക്കെതിരെയാണ് അമ്മാവൻ രാകേഷ് ശർമ്മ പോലീസിനെയും കോടതിയെയും സമീപിച്ചിരിക്കുന്നത്. 2025 ഏപ്രിലില്‍ ആയുഷിയുടെ പിതാവ് വിജയ് ശർമ്മയുടെ മരണവും കൊലപാതകമാണെന്നും ഇതിനും പിന്നിലും ആയുഷിയാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.കഴിഞ്ഞ ജൂലൈ 3-നാണ് ആയുഷിയുടെ അമ്മയും സർക്കാർ ജീവനക്കാരിയുമായ നീരജ് ശർമ്മയെ ജയ്‌പൂരിലെ പ്രതാപ് നഗറില്‍ വെച്ച്‌ കാർ ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. റോഡപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് വ്യക്തമായി. കേസില്‍ ആയുഷി ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുഷിയെ സഹായിച്ച ബന്ധു ബല്‍റാം ഒളിവിലാണ്. അമ്മയോടുള്ള പകയും കുടുംബ സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് ആയുഷി പോലീസിനോട് സമ്മതിച്ചിരുന്നു.ആയുഷിയുടെ പിതാവും രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻ കോർട്ട് മാസ്റ്ററുമായിരുന്ന വിജയ് ശർമ്മയുടെ മരണവും ഇതേ മാതൃകയില്‍ ആസൂത്രണം ചെയ്തതാണെന്നാണ് പുതിയ പരാതിയില്‍ ആരോപിക്കുന്നത്. 2024-ല്‍ മസ്തിഷ്കാഘാതം സംഭവിച്ച്‌ ചികിത്സയിലായിരുന്ന പിതാവിന് ആയുഷി കൃത്യമായ ചികിത്സ നല്‍കിയില്ലെന്ന് രാകേഷ് ശർമ്മ ആരോപിക്കുന്നു. മികച്ച ചികിത്സ നല്‍കാമെന്ന് പറഞ്ഞ് അച്ഛനെ മറ്റൊരിടത്തേക്ക് മാറ്റിയ ആയുഷി, മൂന്ന് മാസത്തോളം ഒരു വിവരവും നല്‍കിയില്ല. പിന്നീട് ശരീരത്തിന്റെ 90 ശതമാനവും തകരാറിലായ നിലയിലാണ് വിജയ് ശർമ്മയെ ആശുപത്രിയില്‍ കണ്ടെത്തിയതെന്നും തുടർന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *