മമത ബാനർജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഏറെ ആശ്വാസവും ബി.ജെ.പിക്കും അവർ പിന്തുണക്കുന്ന തൃണമൂല്‍ വിമതർക്കും തിരിച്ചടിയുമായ ഉത്തരവില്‍, പശ്ചിമ ബംഗാള്‍ പൊലീസിന്റെ നിർദേശപ്രകാരം മരവിപ്പിച്ച മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പാർട്ടിയുടെ നിത്യനിദാന ചെലവുകള്‍ക്ക് പണം വിനിയോഗിക്കാൻ കല്‍ക്കട്ട ഹൈകോടതി അനുമതി നല്‍കി.തൃണമൂലിന്റെ അക്കൗണ്ടുകളിലുള്ള കോടികള്‍ കൈപ്പിടിയിലൊതുക്കാൻ ബി.ജെ.പി സഹായത്തോടെ ഋതബ്രത ബാനർജിയുടെ നേതൃത്വത്തില്‍ വിമതർ നടത്തുന്ന നീക്കങ്ങള്‍ക്കിടയിലാണ് ഹൈകോടതിയുടെ ഇടപെടല്‍.തൃണമൂലിന്റെ പാർട്ടി പേരിനും ചിഹ്നത്തിനും വേണ്ടിയല്ല, മറിച്ച് പശ്ചിമ ബംഗാളില്‍ മമത ബാനർജിയുടെ രാഷ്ട്രീയം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ അക്കൗണ്ടുകളിലെ തുകയത്രയും പിടിച്ചെടുക്കണമെന്ന കണക്കുകൂട്ടലിലാണ് വിമതരെ യഥാർഥ തൃണമൂലായി സ്ഥാപിക്കാനുള്ള പരിശ്രമം ബി.ജെ.പി നടത്തുന്നത്. 11 അക്കൗണ്ടുകളിലായി ഉണ്ടെന്ന് വിമതർ അവകാശപ്പെടുന്ന ഏകദേശം ഒരു ലക്ഷം കോടി രൂപ മമതയുടെ നിന്ത്രണത്തില്‍ നിന്ന് പിടിച്ചെടുക്കാനുള്ള തീവ്ര പരിശ്രമത്തിനിടയില്‍ ബി.ജെ.പിയുടെയും വിമതരുടെയും ഒരുമിച്ചുള്ള ഓപറേഷനാണ് ബംഗാളില്‍ നടക്കുന്നത്.തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് മാത്രം 5600 കോടി രൂപയുണ്ടെന്നാണ് വിമത നേതാവ് ഋതബ്രത ബാനർജി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇതിനിടയിലാണ് ബി.ജെ.പിക്കും വിമതർക്കും തിരിച്ചടിയായ ഹൈകോടതി ഇടപെടല്‍.ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മിന്നല്‍ വേഗതയില്‍ മരവിപ്പിച്ചതിന് ബി.ജെ.പി സർക്കാറിനെയും ബംഗാള്‍ പൊലീസിനെയും കോടതി വിമർശിച്ചു. അക്കൗണ്ടുകളുടെ പരിപാലനത്തിന് ജസ്റ്റിസ് സുബ്രത താലൂക്ക്ദാറിനെ സെപ്റ്റംബർ 30 വരെ സ്പെഷല്‍ ഓഫിസറായി നിയമിച്ചു. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മമതക്കും പാർട്ടിക്കും പ്രവർത്തിപ്പിക്കാം. നിയമപരമായ ചെലവുകള്‍ക്കും ദൈനംദിന ചെലവുകള്‍ക്കും ആവശ്യമായ പണം മാത്രമേ അക്കൗണ്ടില്‍ നിന്ന് ഉപയോഗിക്കാവൂ.
തൃണമൂലിന്റെ കോടികള്‍ മരവിപ്പിച്ച ഉത്തരവ് ; പാര്‍ട്ടിയുടെ നിത്യനിദാന ചെലവുകള്‍ക്ക് പണം വിനിയോഗിക്കാൻ കല്‍ക്കട്ട ഹൈകോടതി അനുമതി നല്‍കി
