പുകവലി ശീലം മെഡിക്ലെയിം നിരസിക്കാൻ കാരണമാകില്ലെന്ന് ഉപഭോക്തൃ കോടതി

ഇൻഷ്വറൻസ് പോളിസിയിലെ ഒഴിവാക്കല്‍ വ്യവസ്ഥകള്‍ കൃത്യമായ മെഡിക്കല്‍ തെളിവുകളില്ലാതെ വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്കെതിരെ പ്രയോഗിക്കാൻ കഴിയില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.രോഗി മുൻപ് പുകവലിച്ചിരുന്ന ആളാണ് എന്ന ആശുപത്രി രേഖയിലെ പരാമർശം മാത്രം ചൂണ്ടിക്കാണിച്ച്‌ മെഡിസെപ്പ് ഇൻഷ്വറൻസ് ക്ലെയിം നിരസിച്ച കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.മൂവാറ്റുപുഴ സ്വദേശിനി ഷൈബി ജോസ്, തന്റെ പിതാവിന്റെ ചികിത്സാ ക്ലെയിം നിരസിച്ചതുമായി ബന്ധപ്പെട്ട് ഓറിയന്റല്‍ ഇൻഷ്വറൻസ്, മെഡി സെപ് കമ്പനികള്‍ക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.പരാതിക്കാരിയുടെ പിതാവ് ജോസ് മത്തായിയെ അന്നനാളത്തിലെ അർബുദത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.ചികിത്സയ്ക്കായി 4,63,928 രൂപ ചെലവായതിനെ തുടർന്ന്, സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ്പ് പദ്ധതി പ്രകാരം ക്ലെയിം സമർപ്പിച്ചു. എന്നാല്‍, രോഗി മുമ്പ് പുകവലിച്ചിരുന്ന ആളാണെന്നും അത് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പോളിസി പരിധിയില്‍ വരില്ലെന്നുമുള്ള ഒഴിവാക്കല്‍ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഓറിയന്റല്‍ ഇൻഷ്വറൻസ് കമ്പനിയും മെഡിസെപ്പും ക്ലെയിം നിരസിക്കുകയായിരുന്നു.രോഗി വർഷങ്ങള്‍ക്ക് മുമ്പ് പുകവലി നിർത്തിയതാണെന്നും നിലവിലെ അർബുദ രോഗത്തിന് കാരണം പുകവലി തന്നെയാണെന്ന് സ്ഥാപിക്കുന്ന യാതൊരുവിധ മെഡിക്കല്‍ റിപ്പോർട്ടുകളും ഹാജരാക്കാൻ ഇൻഷ്വറൻസ് കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇൻഷ്വറൻസ് കരാറുകളിലെ വ്യവസ്ഥകളില്‍ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയുണ്ടെങ്കില്‍, അതിന്റെ ആനുകൂല്യം പോളിസി ഉടമയ്ക്ക് നല്‍കണമെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവുകള്‍ കോടതി ചൂണ്ടിക്കാട്ടി.അടിയന്തിര ഘട്ടങ്ങളില്‍ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളുടെ ആനുകൂല്യം ഇത്തരം ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുന്നത് ഇൻഷ്വറൻസ് വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഉത്തരവില്‍ കോടതി വ്യക്തമാക്കി.ഇൻഷ്വറൻസ് കമ്പനിയുടെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് കണ്ടെത്തിയ കോടതി മെഡിസെപ്പ് പദ്ധതി പ്രകാരം അനുവദനീയമായ രമാവധി തുകയായ 3,00,000 രൂപയും ഇൻഷ്വറൻസ് നിഷേധിച്ചതുമൂലം ഉണ്ടായ മാനസിക വിഷമങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും കോടതി ചെലവിനും നഷ്ടപരിഹാരമായി 15,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്ന് എതിർകക്ഷികള്‍ക്ക് ഉത്തരവ് നല്‍കി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *