ചെക്ക് കേസിൽ രാജ്പാൽ യാദവിന് 7.35 കോടി പിഴയിട്ട് ഡൽഹി ഹൈക്കോടതി

വിവിധ ചെക്ക് കേസുകളിലായി ബോളിവുഡ് നടൻ രാജ്പാൽ യാദവിന് തടവ് ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. ഏഴ് കേസുകളിലായി മൂന്നുമാസമാണ് തടവ് ശിക്ഷ. പരാതിക്കാരന് നഷ്ടപരിഹാരമായി വൻതുക നൽകാനും കോടതി നിർദേശിച്ചു. ഓരോ കേസിലും 1.05 കോടി രൂപ വീതം നൽകാനാണ് കോടതി വിധി.വിചാരണക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലുകൾ തള്ളിയാണ് ഡൽഹി ഹൈക്കോടതി ശിക്ഷ ശരിവെച്ചത്. കേസിൽ രാജ്പാൽ യാദവിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് കോടതി നിരീക്ഷിച്ചു.ഏഴു കേസുകളിലും ശിക്ഷ വിധിച്ചെങ്കിലും അവ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധി അനുസരിച്ചുള്ള ആറുമാസത്തെ തടവുശിക്ഷ മൂന്നുമാസമായി ഹൈക്കോടതി കുറച്ചെങ്കിലും പിഴത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ശിക്ഷ വീണ്ടും ആറുമാസമായി തുടരും. കേസുമായി ബന്ധപ്പെട്ട തുക അടയ്ക്കാമെന്ന് പലതവണ രാജ്പാൽ ഉറപ്പു നൽകിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.2010-ൽ ആദ്യമായി സംവിധാനം ചെയ്ത ‘അതാ പതാ ലാപതാ’ നിർമാണത്തിനായി രാജ്പാൽ യാദവ് മുരളി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്ന് അഞ്ചുകോടി വായ്പ എടുത്തിരുന്നു. എന്നാൽ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതോടെ വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല.തിരിച്ചടവ് വൈകുകയും പലിശ കൂടിക്കൊണ്ടിരിക്കുകയും ചെയ്തതോടെ കുടിശ്ശിക ഏകദേശം ഒൻപതു കോടിയായി ഉയർന്നു. ഇതോടെയാണ് നിയമപ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *