സംസ്ഥാന പൊലീസ് സംഘടനകളുടെ പുനഃക്രമീകരണത്തില്‍ സർക്കാരിന് തിരിച്ചടി. പൊലീസ് അസോസിയേഷൻ പുനഃസംഘടിപ്പിച്ച ആഭ്യന്തര വകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.പൊലീസ് സംഘടനകള്‍ രൂപീകരിക്കുന്നതില്‍ മാത്രമല്ല, അവയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നതിനും ജീവനക്കാർക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.സംഘടനാ പ്രവർത്തനം ഭരണഘടനാപരമായ അവകാശമാണെന്ന് നിരീക്ഷിച്ച കോടതി, അംഗീകാരമുള്ള സംഘടനകളായാണ് പൊലീസ് സംഘടനകള്‍ പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പുനക്രമീകരണത്തിന്റെ ഭാഗമായി സർക്കാരും വകുപ്പും രൂപീകരിച്ച അഡ്ഹോക് കമ്മിറ്റികളും ഹൈക്കോടതി പൂർണമായി റദ്ദാക്കിയിട്ടുണ്ട്.
സര്‍ക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി
പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനാ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ശരിവെക്കുന്ന സുപ്രധാന വിധിയിലൂടെ, സർക്കാരിന്റെ പുനക്രമീകരണ നീക്കങ്ങള്‍ക്കാണ് ഹൈക്കോടതി തടയിട്ടിരിക്കുന്നത്.ആഭ്യന്തര വകുപ്പ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ ഭാരവാഹികള്‍ നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്. സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്നും സംഘടന രൂപീകരിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. 47 വർഷമായി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗത്വ ഘടന പുനഃസംഘടിപ്പിച്ചത് എന്തിനെന്ന് വ്യക്തമാക്കിയില്ല. സായുധ സേനാംഗങ്ങളുടെ മൗലികാവശാത്തില്‍ മാറ്റം വരുത്താൻ പാർലമെന്റിന് മാത്രമാണ് അധികാരമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലൈ 27നായിരുന്നു ആഭ്യന്തരവകുപ്പ് കേരള പൊലീസ് അസോസിയേഷൻ അംഗത്വഘടന പുനഃസംഘടിപ്പിച്ചത്. ഇതിന് പിന്നാലെ അസോസിയേഷനുകള്‍ പിരിച്ച് വിട്ട് അഡോഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
