ഇഡി റിപ്പോര്‍ട്ടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ സര്‍ക്കാരിനെ ചോദ്യങ്ങളുമായി ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാസപ്പടി കേസില്‍ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകള്‍ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാർശ ചെയ്തത്. ഇ ഡി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി എഫ് ഐ ആർ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച്‌ അഭിഭാഷകനായ കെ എം ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കാവുന്ന തരത്തിലുള്ള വിവരങ്ങള്‍ ഇ ഡി കൈമാറിയിട്ടും സർക്കാർ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തുന്നതെന്ന് ഹർജിയില്‍ ആരോപിക്കുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെയുള്ള ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണം നിയമവിരുദ്ധമാണ്. വിജിലൻസ് ഡയറക്ടർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതികളില്‍ സമയബന്ധിതമായി നടപടി ഉണ്ടായില്ല. രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കി അന്വേഷണം വിജിലൻസിന് കൈമാറണമെന്നും, ഉടൻ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നമാണ് ഷാജഹാന്‍റെ ഹർജിയിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *