‘അയാള്‍ ഒരിക്കലും മോചിതനാകില്ല, ആ കൂട്ടില്‍ കിടന്ന് തന്നെ മരിക്കും’: പ്രായപൂര്‍ത്തി ആകാത്ത POCSO കേസ് അതിജീവിതയ്ക്ക് നീതി നല്‍കി ഡല്‍ഹി കോടതി വനിതാ ജഡ്ജി

പീഡനത്തിന് ഇരയായ പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിച്ച്‌ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ ഡല്‍ഹി കോടതി.

“ആ അങ്കിളിന് വയസ്സാകുന്നതുവരെ അയാളെ ജയിലില്‍ അടയ്ക്കണം” എന്ന പെണ്‍കുട്ടിയുടെ യാചന കേട്ട വിചാരണക്കോടതി ജഡ്ജ് രജ്നി രംഗ, പ്രതിയായ സുമിത് ശാക്യയ്ക്ക് സ്വാഭാവിക ആയുസ്സ് ഒടുങ്ങും വരെ കഠിനതടവാണ് വിധിച്ചത്. വിധിന്യായത്തോടൊപ്പം കുഞ്ഞിന് ധൈര്യം പകരുന്ന വൈകാരികമായ സന്ദേശവും ജഡ്ജ് കുറിച്ചു. ഈ സന്ദേശം കുഞ്ഞിനും കുടുംബത്തിനും നേരിട്ടെത്തിക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.2023 ജൂലൈയിലായിരുന്നു കുട്ടിക്ക് നേരെ അതിക്രമം നടന്നത്. “നീ കാണിച്ച ധൈര്യമാണ് മറ്റൊരു കുട്ടി കൂടി ആക്രമിക്കപ്പെടാതിരിക്കാൻ കാരണം. നിന്റെ വാക്കുകള്‍ ഈ കോടതി കേട്ടു, ആ അങ്കിള്‍ ഇനി ഒരിക്കലും പുറംലോകം കാണില്ല, നീ ധൈര്യമായി പഠിച്ച്‌ വളരുക” എന്നായിരുന്നു ജഡ്ജിയുടെ സന്ദേശം. ഈ കത്ത് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുകയായ 10.50 ലക്ഷം രൂപയ്ക്കൊപ്പം കുട്ടിക്ക് കൈമാറാൻ ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ഡി.എല്‍.എസ്.എയ്ക്ക് (DLSA) നിർദേശം നല്‍കി.

പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നീതിയുക്തമായ ഈ നടപടി കൈക്കൊണ്ടത്. പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും ക്രിമിനല്‍ ഭീഷണിപ്പെടുത്തലിന് 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. നിർഭയമായി മൊഴി നല്‍കിയ കുട്ടിയുടെ മനക്കരുത്തിനെ ഹൈക്കോടതിയും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *