സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ് വിചാരണ ആഗസ്റ്റ് 1 ന് തുടങ്ങും

സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെ ങ്കിട്ടരാമൻ ഐ എ എസിനെതിരായ വിചാരണ ആഗസ്റ്റ് 1 ന് തുടങ്ങും. ആദ്യ 2 സാക്ഷികള്‍ ആഗസ്റ്റ് 1 ന് ഹാജരാകണം. ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ കോടതി ഉത്തരവിട്ടു.പ്രതി ശ്രീറാം ബുധനാഴ്ച ഹാജരായില്ല.വിചാരണ കോടതിയായ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ്പ്രതിയെ വിചാരണ ചെയ്യുന്നത്. കേസിലെ പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്. വിചാരണക്കു മുന്നോടിയായി പ്രതിക്ക് മേല്‍ കോടതി ആഗസ്റ്റില്‍ നരഹത്യാ കുറ്റം ചുമത്തിയിരുന്നു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 ( അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍), 304 (ii) ( തൻ്റെ പ്രവൃത്തിയാല്‍ മറ്റൊരാള്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ , കളവായ വിവരം നല്‍കല്‍ ) , മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയത്.പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാൻ പ്രഥമ ദുഷ്ട്യാലുള്ള തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. അതേ സമയം പ്രതിയുടെ രക്തസാമ്പിള്‍ എടുക്കല്‍ വൈകിയതിനാല്‍, രക്തത്തില്‍ മദ്യത്തിൻ്റെ അംശം കണ്ടെത്താനാവാത്തതിനാല്‍, മദ്യപിച്ച്‌ വാഹനമോടിച്ചെന്ന കുറ്റം ചെയ്തതിന് തെളിവില്ലാത്തതിനാല്‍ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 , ‘കാറിടിച്ചു കയറ്റി ഹാൻഡ് റെയില്‍ ബാരിക്കേഡ് തുടങ്ങിയ പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ് തെളിവു ഹാജരാക്കാത്തതിനാലും ഈ രണ്ടു വകുപ്പുകള്‍ പ്രതിക്ക് മേല്‍ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകള്‍ കേസ് റെക്കോഡില്‍ കാണുന്നു.പ്രതി വിചാരണ നേരിടണം.കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കുറ്റം ചുമത്തല്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാൻ അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *