ബിയറിന് പത്ത് രൂപ അധികം വാങ്ങി; ബെവറജസ് പെരുനാട് ഡിപ്പോ മാനേജര്‍ക്ക് 25,010 രൂപ പിഴയിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍

മദ്യക്കുപ്പിയില്‍ രേഖപ്പെടുത്തിയ വിലയേക്കാള്‍ ബിയറിന് പത്ത് രൂപ അധികം ഈടാക്കിയ സംഭവത്തില്‍ പിഴയിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍.ബെവറജസ് കോര്‍പ്പറേഷന്‍ പെരുനാട് ഡിപ്പോ മാനേജര്‍ക്കാണ് 25,010 രൂപ പിഴയിട്ടത്. പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉള്‍പ്പെടെ ആകെ 25,010 രൂപ നല്‍കാന്‍ വിധിക്കുക ആയിരുന്നു.റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തില്‍ എ.ടി. ആകാശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവരടങ്ങിയ ഫോറം വിധി പ്രസ്താവിച്ചത്. പെരുനാട് സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നും ഹര്‍ജിക്കാരന്‍ 650 മില്ലി.ലിറ്റര്‍ ബിയര്‍ വാങ്ങിയപ്പോഴാണ് ബില്ലില്‍ പത്ത് രൂപ അധികം ഈടാക്കിയത്.ബിയര്‍ കുപ്പിയില്‍ രേഖപ്പെടുത്തിയിരുന്ന എം.ആര്‍.പി. 170 രൂപയായിരുന്നു. എന്നാല്‍ കൗണ്ടറിലെ ജീവനക്കാര്‍ 180 രൂപയ്ക്ക് ബില്ല് നല്‍കി. ഇത്് ചോദ്യം ചെയ്ത ഹര്‍ജിക്കാരനോട്, കംപ്യൂട്ടറിലെ എം.ആര്‍.പി. പ്രകാരമുള്ള തുകയേ വാങ്ങാന്‍ കഴിയൂ എന്നും പറഞ്ഞു. പഴയ എം.ആര്‍.പി. രേഖപ്പെടുത്തിയ സ്റ്റോക്കുകള്‍ പുതിയവിലയില്‍ വില്‍ക്കാന്‍ അനുമതി നല്‍കുന്ന ഗവണ്‍മെന്റ് ഓര്‍ഡര്‍ ഉണ്ടെന്ന പരാതിയുണ്ടെങ്കില്‍ നല്‍കിക്കൊള്ളാനുമായിരുന്നു മറപുപടി.എന്നാല്‍ ഗവണ്‍മെന്റിന്റെ ഈ നിര്‍ദ്ദേശം നിയമവിരുദ്ധമാണെന്ന് കമ്മിഷന്‍ കണ്ടെത്തി. പഴയ സ്റ്റോക്കുകള്‍ തീരുന്നതുവരെ പുതിയ ലേബലില്‍ ഉയര്‍ന്നവില ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാരരീതിയാണ്. ‘ഒരു ഉപഭോക്താവിന് ആവശ്യമുള്ളപ്പോള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. കുപ്പിയില്‍ അച്ചടിച്ചിരിക്കുന്ന എം.ആര്‍.പി. വില തന്നെയാണ് അന്തിമമെന്നും കമ്മീഷന്‍ വ്യക്തമാക്കി.എതിര്‍കക്ഷിയുടെ ഈ നടപടി അന്യായമായ വ്യാപാരരീതിയുടെ വ്യക്തമായ തെളിവാണെന്നും ഉപഭോക്തൃ കോടതികമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അന്യായമായി ഈടാക്കിയ 10 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത് 25,010 രൂപ നല്‍കാനാണ് വിധി.

Leave a Reply

Your email address will not be published. Required fields are marked *