കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജര്‍ക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

യുഎഇയില്‍ തൊഴിലാളികളുടെ പദവി ശരിയാക്കാതെ കമ്പനി പൂട്ടിപ്പോയെന്ന കേസില്‍ കോടതി വിധിച്ച 1.2 മില്യണ്‍ (12 ലക്ഷം) ദിർഹത്തിന്റെ ഭീമമായ പിഴ 60,000 ദിർഹമായി കുറച്ച്‌ ദുബൈ അപ്പീല്‍ കോടതി.ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക സേവന കമ്പനിയുടെ പങ്കാളിയും മാനേജരുമായ 60 വയസ്സുകാരനായ ബംഗ്ലാദേശ് സ്വദേശി സമർപ്പിച്ച അപ്പീല്‍ ഭാഗികമായി സ്വീകരിച്ചാണ് കോടതിയുടെ നിർണായക വിധി.നേരത്തെ കുറ്റകൃത്യ കോടതി ഓരോ തൊഴിലാളിക്കും ഒരു ലക്ഷം ദിർഹം വീതം നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയാണ് മാനേജർക്ക് ചുമത്തിയിരുന്നത്. എന്നാല്‍ അപ്പീല്‍ കോടതി ജുഡീഷ്യല്‍ ഇളവ് അനുവദിച്ചുകൊണ്ട് ഒരു തൊഴിലാളിക്കുള്ള പിഴ ഒരു ലക്ഷത്തില്‍ നിന്നും 5,000 ദിർഹമായി ചുരുക്കുകയായിരുന്നു.തൊഴില്‍ ബന്ധങ്ങള്‍ നിയന്ത്രിക്കുന്ന 2021-ലെ ഫെഡറല്‍ ഡിക്രി-നിയമ നമ്പർ 33 പ്രകാരമാണ് പ്രോസിക്യൂഷൻ മാനേജർക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. 2025 മാർച്ച്‌ 7-ന് ലേബർ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയില്‍ കമ്പനിയുടെ ഓഫീസ് അടഞ്ഞു കിടക്കുന്നതായും ബോർഡുകളുടെ അഭാവവും കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനി പ്രവർത്തനം നിർത്തിയെന്ന് അധികൃതർ വിലയിരുത്തിയത്.എന്നാല്‍, ഈ കണ്ടെത്തലുകള്‍ വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിഭാഗം അഭിഭാഷകൻ മുഹമ്മദ് അല്‍ അവാമി അല്‍ മൻസൂരി കോടതിയില്‍ ശക്തമായി വാദിച്ചു. കമ്പനി ഒരു ടെക്നിക്കല്‍ സർവീസ് സ്ഥാപനമായതിനാല്‍ ജീവനക്കാർ ഓഫീസില്‍ ഇരിക്കുന്നതിന് പകരം സൈറ്റുകളിലാണ് ജോലി ചെയ്യാറുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിശോധന നടക്കുന്ന സമയത്ത് ഈ 12 തൊഴിലാളികളും അബുദബിയിലെ ഒരു ലൈവ് പ്രോജക്റ്റില്‍ ജോലി ചെയ്യുകയായിരുന്നു.മാനേജർക്ക് തൊഴിലാളികളെ ഉപേക്ഷിച്ചു കടന്നുകളയാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകൻ വാദിച്ചു. ശമ്പളം ലഭിക്കാതിരിക്കുകയോ മറ്റ് തൊഴില്‍ ലംഘനങ്ങളോ ചൂണ്ടിക്കാട്ടി ഒരു തൊഴിലാളി പോലും ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തില്‍ (MoHRE) പരാതി നല്‍കിയിട്ടില്ലെന്നതും പ്രതിഭാഗം ചൂണ്ടിക്കാണിച്ചു.കേസിലെ സാങ്കേതിക റിപ്പോർട്ടുകളും ഹാജരാക്കിയ രേഖകളും വിശദമായി പരിശോധിച്ച അപ്പീല്‍ കോടതി, ബിസിനസ്സ് പൂർണ്ണമായി അടച്ചുപൂട്ടിയെന്നതിന് കൃത്യമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചു. തുടർന്ന് യുഎഇ കുറ്റകൃത്യങ്ങളും പിഴകളും നിയമത്തിലെ ആർട്ടിക്കിള്‍ 100/1, 101 എന്നിവ പ്രകാരമുള്ള ജുഡീഷ്യല്‍ വിവേചനാധികാരം ഉപയോഗിച്ചാണ് ജഡ്ജിമാർ പിഴ തുക 12 ലക്ഷത്തില്‍ നിന്നും വെറും 60,000 ദിർഹമായി വെട്ടിച്ചുരുക്കിയത്. എങ്കിലും തൊഴിലാളികളുടെ നിയമപരമായ പദവി പൂർണ്ണമായി സ്ഥിരപ്പെടുത്തുന്നതില്‍ വന്ന വീഴ്ച മുൻനിർത്തി മാനേജരുടെ മേലുള്ള കുറ്റം കോടതി ശരിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *