വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് കാലാവധിയിൽ മാറ്റം; പുതിയ നിയമം പ്രാബല്യത്തിൽ

വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റായ പി.യു.സി (PUC) യുടെ കാലാവധിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വാഹനത്തിന്റെ പഴക്കവും എൻജിൻ നിലവാരവും അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റിന്റെ കാലാവധി നിശ്ചയിക്കുന്ന പുതിയ വ്യവസ്ഥയാണ് നിലവിൽ വന്നത്. ബി.എസ് നിലവാരത്തിനനുസരിച്ച് വ്യത്യസ്ത കാലാവധികൾ നിശ്ചയിച്ചതോടെ വാഹന ഉടമകൾക്ക് പുതിയ നിയമം നിർണായകമാകും.

പുതിയ വ്യവസ്ഥ പ്രകാരം ആറ് വർഷം വരെ പഴക്കമുള്ള ബി.എസ്-6 സ്വകാര്യ വാഹനങ്ങൾക്ക് മൂന്ന് വർഷത്തിലൊരിക്കൽ പുക പരിശോധന നടത്തിയാൽ മതിയാകും. ആറ് മുതൽ പത്ത് വർഷം വരെ പഴക്കമുള്ള ബി.എസ്-6 സ്വകാര്യ വാഹനങ്ങൾക്ക് ഒരു വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള ബി.എസ്-6 വാഹനങ്ങൾക്ക് ആറുമാസത്തിലൊരിക്കൽ പരിശോധന നടത്തണം. ആറ് വർഷം വരെ പഴക്കമുള്ള ബി.എസ്-6 വാണിജ്യ വാഹനങ്ങൾക്ക് രണ്ട് വർഷമാണ് പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി. ടാക്സികൾ, ചരക്ക് വാഹനങ്ങൾ തുടങ്ങിയവ ഈ വിഭാഗത്തിൽ ഉൾപ്പെടും.

അതേസമയം, ബി.എസ്-1, ബി.എസ്-2, ബി.എസ്-3 വിഭാഗങ്ങളിലുള്ള വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി ആറുമാസത്തിൽ നിന്ന് മൂന്ന് മാസമായി കുറച്ചു. ഈ വാഹനങ്ങൾ ഇനി മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്തണം. ബി.എസ്-4 വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് കാലാവധിയും ഒരു വർഷത്തിൽ നിന്ന് ആറുമാസമായി കുറച്ചിട്ടുണ്ട്.

നിലവിലെ സർട്ടിഫിക്കറ്റുകൾക്ക് എന്ത് സംഭവിക്കും?

പുതിയ നിയമം നിലവിൽ വന്നെങ്കിലും സാധുതയുള്ള പഴയ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ കാലാവധി അവസാനിക്കുന്നതുവരെ ഉപയോഗിക്കാം. നിലവിലുള്ള സർട്ടിഫിക്കറ്റുകളുടെ കാലാവധി പുതിയ നിയമം അനുസരിച്ച് സ്വമേധയാ നീട്ടുകയോ കുറയ്ക്കുകയോ ചെയ്യില്ല. കാലാവധി അവസാനിച്ച് പുതുക്കുമ്പോൾ മാത്രമാണ് പുതിയ വ്യവസ്ഥകൾ ബാധകമാകുക. സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് പത്ത് ദിവസം മുമ്പ് മുതൽ പുതുക്കുന്നതിനും അനുമതിയുണ്ട്.

ഇത്തരത്തിൽ നേരത്തെ പുതുക്കിയാൽ പുതിയ സർട്ടിഫിക്കറ്റിന്റെ കാലാവധി പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന ദിവസം മുതലായിരിക്കും കണക്കാക്കുക. എന്നാൽ കാലാവധി കഴിഞ്ഞ ശേഷമാണ് പരിശോധന നടത്തുന്നതെങ്കിൽ പരിശോധന നടത്തിയ ദിവസം മുതലായിരിക്കും പുതിയ കാലാവധി ആരംഭിക്കുക. ഉദാഹരണത്തിന്, നാല് വർഷം പഴക്കമുള്ള ബി.എസ്-6 കാറിന് നിലവിൽ ഒരു വർഷത്തെ പുക പരിശോധനാ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളതെങ്കിൽ അത് സ്വമേധയാ മൂന്ന് വർഷമായി മാറില്ല. നിലവിലെ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ച് പുതുക്കുമ്പോൾ മാത്രമേ പുതിയ നിയമപ്രകാരമുള്ള മൂന്ന് വർഷത്തെ കാലാവധി ലഭിക്കൂ.

വാഹനത്തിന്റെ പഴക്കവും മലിനീകരണ നിയന്ത്രണ നിലവാരവും അടിസ്ഥാനമാക്കി പരിശോധനാ ഇടവേളകളിൽ മാറ്റം വരുത്തുന്നതാണ് പുതിയ തീരുമാനം. അതിനാൽ വാഹന ഉടമകൾ തങ്ങളുടെ വാഹനത്തിന്റെ വിഭാഗവും പഴക്കവും അനുസരിച്ച് സർട്ടിഫിക്കറ്റ് പുതുക്കേണ്ട സമയക്രമം പരിശോധിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *