രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യദിന ആഘോഷം ഇന്ന്. ചെങ്കോട്ടയില്‍ രാവിലെ 07:30 യോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി.ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പുത്തൻ പ്രതീക്ഷകളുമായി നാം മുന്നേറുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ 12 വർഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവർത്തിക്കുന്നു. ദുർബലമായ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ലോകശക്തിയായി നാം മാറി. സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. ഡിജിറ്റല്‍ രംഗത്തും മുന്നേറ്റമുണ്ടായി. ദാരിദ്ര്യനിർമ്മാർജനമെന്ന ലക്ഷ്യവും വിജയം കാണുന്നു. കാലഹരണപ്പെട്ട നിയമങ്ങള്‍ തള്ളിക്കളഞ്ഞു. നിയമവ്യവസ്ഥ ശക്തവും സുതാര്യവുമാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവർക്കുമെന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു. സ്വയംപര്യാപ്തത പൂർണ അർത്ഥത്തില്‍ യാഥാർത്ഥ്യമാകണം. അതിനായി നമ്മുടെ കാര്യക്ഷമത വർധിപ്പിക്കണം. മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കാത്ത സാഹചര്യം ഇവിടെയുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.
80ാം സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം
