തൃശ്ശൂർ പൂരത്തിന് കൊടുംചൂടില്‍ ആനകളെ എഴുന്നള്ളിക്കുന്നതില്‍ നിയന്ത്രണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹർജിയില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി.ഹർജിയില്‍ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2024ല്‍ ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുതാല്പര്യ ഹർജിയിലാണ് കോടതിയുടെ വിശദീകരണം.കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി എത്തിയത്. ചൂട് കണക്കിലെടുത്ത് കടുത്ത നിയന്ത്രണം കൊണ്ടുവരണമെന്നും ആനകളെ നിയന്ത്രിക്കാൻ സ്വകാര്യ എലിഫന്‍റ് സ്ക്വാഡുകളെ നിയമിക്കുന്നത് വിലക്കണം എന്നതടക്കമുള്ളതായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നോട്ടീസ് അയച്ച ഹൈക്കോടതി ഹർജി അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. എഴുന്നള്ളിപ്പ് നടത്തുന്ന ആനകളും ജനങ്ങളും തമ്മില്‍ എട്ട് മീറ്റർ അകലം വേണമെന്നതടക്കമുള്ള കർശന നിർദ്ദേശങ്ങളായിരുന്നു 2024ല്‍ ഹൈക്കോടതി പുറപ്പെടുവിച്ചത്.
തൃശൂര്‍ പൂരം ആന എഴുന്നള്ളത്ത്; കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി
