ഏകപക്ഷീയമായി റദ്ദാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണം, കുംഭമേള വൈറല്‍ താരം മധ്യപ്രദേശ് ഹൈക്കോടതിയില്‍

ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നാവശ്യവുമായി കുംഭമേള വൈറല്‍ താരവും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു.തങ്ങള്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോകേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.മഹാകുംഭമേളയിലൂടെയാണ് യുവതി വൈറലായത്. കേരളത്തിലേക്ക് അഭയം തേടിയെത്തിയ കുംഭമേള വൈറല്‍ താരവും യുവാവും കഴിഞ്ഞ മാ‌ർച്ചിലാണ് വിവാഹിതരായത്. വിവാഹത്തിനു ശേഷം പെണ്‍കുട്ടി പ്രായപൂർത്തിയായില്ലെന്ന് ആരോപിച്ച്‌ മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു.തന്റെ വാദം കേള്‍ക്കാതെയാണ് ജനന സർട്ടിഫിക്കറ്റ് ഏകപക്ഷീയമായി റദ്ദാക്കിയതെന്നും ഭർത്താവിന്റെയും തങ്ങളുടെയും പേരില്‍ ഫയല്‍ ചെയ്ത എഫ്‌ഐആർ വ്യാജമാണെന്നും കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതായി തെളിയിക്കുന്ന ആധാർ കാർഡ് അടക്കമുള്ള നിരവധി രേഖകള്‍ കേരളാ പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ ഈ വിഷയത്തില്‍ തിരുവനന്തപുരം കോടതി പോക്സോ കേസിലെ തുടർനടപടികള്‍ സ്റ്റേ ചെയ്യുകയും മധ്യപ്രദേശ് പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *