പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തില്‍ കണക്കുകള്‍ നിരത്തി സിപിഐഎം. തെരഞ്ഞെടുപ്പ് ഫണ്ട്, രക്തസാക്ഷി ഓഫീസ് നിർമാണ ഫണ്ട് എന്നിവയുടെ കണക്കുകള്‍ വ്യക്തമാക്കിക്കൊണ്ട് വി.കുഞ്ഞികൃഷ്ണന് ടി.ഐ. മധുസൂദനൻ എം.എല്‍.എ വക്കീല്‍ നോട്ടീസ് അയച്ചു. മാനനഷ്ടത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം പിൻവലിക്കണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യങ്ങള്‍. വക്കീല്‍ നോട്ടീസിന്റെ പകർപ്പ് ലഭ്യമായിട്ടുണ്ട്.വി. കുഞ്ഞികൃഷ്ണന്റേത് കള്ളക്കണക്കാണെന്നാണ് ടി.ഐ. മധുസൂദനന്റെ വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത്. പ്രധാനമായും മൂന്ന് ഫണ്ട് വിവാദങ്ങളെക്കുറിച്ചാണ് നോട്ടീസില്‍ പരാമർശിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരില്‍ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഫണ്ട് തിരിമറി നടത്താൻ താൻ വ്യാജ റസീപ്റ്റ് ബുക്കുകള്‍ നല്‍കിയെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് മധുസൂദനൻ ചോദിക്കുന്നു.28 വ്യാജ റസീപ്റ്റുകള്‍ താൻ നല്‍കിയെന്ന ആരോപണവും നോട്ടീസില്‍ ചോദ്യം ചെയ്യുന്നുണ്ട്. 28 പേരില്‍ നിന്നും പിരിച്ച ഫണ്ടില്‍ 8 പേരുടെ ഫണ്ട് അപഹരിച്ചു എന്ന നിഗമനത്തില്‍ എങ്ങനെ എത്തി? 27, 28 രസീതുകള്‍ റിയല്‍ എസ്റ്റേറ്റുകാരൻ പിരിച്ചതാണെന്ന ആരോപണം കളവാണ്. രസീത് അച്ചടിയും വിതരണവും സ്ഥാനാർഥിക്ക് അറിവുള്ളതല്ലെന്നും സ്ഥാനാർഥി ഒറ്റയ്ക്ക് ഫണ്ട് പിരിച്ചുവെന്നത് തെറ്റാണെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.രക്തസാക്ഷി ഫണ്ട് ആരോപണത്തിലും കുഞ്ഞികൃഷ്ണനെതിരെ ചോദ്യങ്ങള്‍ ഉയർത്തുന്നുണ്ട്. ഫണ്ടിന്റെ വരവ്-ചെലവ് കണക്കുകളും ഇതുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങളും നോട്ടീസില്‍ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫണ്ട് വിവാദത്തില്‍ കണക്കുകള്‍ പൊതുജനമധ്യേ വെളിപ്പെടുത്താൻ മടിയില്ലെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ മുഴുവൻ വരവ്-ചെലവ് വിവരങ്ങളും പുറത്തുവന്നത്.’നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പൂർണമായും പിൻവലിച്ച് മാപ്പു പറയണമെന്നും, പുസ്തകത്തിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പാർട്ടിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ടി.ഐ. മധുസൂദനൻ അയച്ച വക്കീല്‍ നോട്ടീസിന് കുഞ്ഞികൃഷ്ണൻ ഉടൻ തന്നെ മറുപടി നല്കി. ഉന്നയിച്ച ആരോപണങ്ങള്‍ പിൻവലിക്കാൻ തയ്യാറല്ലെന്നും എല്ലാം വസ്തുതാപരമായ കാര്യങ്ങളാണെന്നും വ്യക്തമാക്കിയ അദ്ദേഹം, പുസ്തകം പിൻവലിക്കില്ലെന്നും ആവർത്തിച്ചു.
പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് ആരോപണം, ടി ഐ മധുസൂദനൻ എംഎല്‍എ വി കുഞ്ഞികൃഷ്ണന് വക്കീല്‍ നോട്ടീസ് അയച്ചു
