പതിനേഴുകാരനായ ആണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 21 വർഷവും ആറുമാസവും കഠിനതടവും പിഴയും വിധിച്ച് കോടതി.മലപ്പുറം താനൂർ ചിറക്കല്‍ സ്വദേശി സുനില്‍കുമാറിനെ (54) ആണ് പട്ടാമ്പി അതിവേഗ പ്രത്യേക കോടതി (പോക്സോ) ജഡ്ജി ദിനേശൻ പിള്ള ശിക്ഷിച്ചത്.തടവുശിക്ഷയ്ക്ക് പുറമെ 1.30 ലക്ഷം രൂപ പിഴയായും കോടതി വിധിച്ചു. ഈ പിഴത്തുക കേരയിലെ ഇരയായ പതിനേഴുകാരന് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.കേസിന്റെ വിചാരണവേളയില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 24 നിർണ്ണായക രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സന്ദീപ് കോടതിയില്‍ ഹാജരായി.സർക്കിള്‍ ഇൻസ്പെക്ടർ പി.എം. ഗോപകുമാർ, സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ബഷീർ, അജിതൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ലൈസണ്‍ ഓഫീസറായ എ.എസ്.ഐ എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു.കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ വേഗത്തിലുള്ള വിചാരണയും കർശനമായ ശിക്ഷാനടപടികളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി കേസിന്റെ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 21 വര്‍ഷവും ആറുമാസവും കഠിനതടവ്; 1.30 ലക്ഷം രൂപ പിഴ
