തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനു ഉള്‍പ്പെടെ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആക്രമണദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്.നസീറ ജാമ്യാപേക്ഷകള്‍ തള്ളിയത്.ഗുരുതരമായ കുറ്റകൃത്യമാണ് പ്രതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സന്തോഷ് കുമാറും ഇ.ഡി അഭിഭാഷകന്‍ സന്തോഷ് ജോസും വാദിച്ചിരുന്നു. പ്രതികളുമായി യാതൊരു മുന്‍ വിരോധവും ഇല്ലാതിരുന്ന സര്‍ക്കാര്‍ ജീവനക്കാരെ അവരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയാണു പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതികളുടെ പ്രവൃത്തി ലഘൂകരിച്ച് കാണാന്‍ കഴിയില്ലെന്നും അക്കാര്യം കോടതി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ബോധ്യമാകുമെന്നും പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സിഎംആര്‍എല്‍- എക്‌സാലോജിക് വിവാദ സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിരുന്നു. സിഎംആര്‍എല്‍ കേസിലെ അന്വേഷണം പ്രമുഖ വ്യക്തികളിലേക്കു നീണ്ടാല്‍ പ്രതികളില്‍നിന്ന് സമാനമായ പ്രതിഷേധം വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് അന്വേഷണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുമെന്ന് ഇ.ഡി അഭിഭാഷകന്‍ സന്തോഷ് ജോസ് സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് കേസിലെ 9ാം പ്രതി ഹരീഷ് കുമാറിന് നേരത്തെ ജാമ്യം ലഭിച്ചതെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായെന്നും അതുകൊണ്ട് പ്രതികള്‍ റിമാന്‍ഡില്‍ തുടരേണ്ടതില്ലെന്നും മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരി പറഞ്ഞത് പൊലീസിന്റെ അഭിപ്രായമായിരുന്നില്ലെന്നും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. കേസിലെ പ്രതികളിലാര്‍ക്കും ഇ.ഡിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍, അവരുടെ പാര്‍ട്ടിക്ക് വിരോധമുണ്ടെന്നും ഇ.ഡി. അഭിഭാഷകന്‍ വാദിച്ചു. പാര്‍ട്ടിയില്‍നിന്ന് പിന്തുണ ലഭിച്ചിരുന്നില്ലെങ്കില്‍ പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ ഇത്തരമൊരു ആക്രമണം നടത്താന്‍ പ്രതികള്‍ ധൈര്യപ്പെടില്ലായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വലിയ പരുക്കേറ്റിട്ടില്ലെന്നതു കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ലെന്നും കണ്ണിനു പരുക്കേറ്റിട്ടും വാഹനമോടിച്ച ടാക്‌സി ഡ്രൈവറുടെ മനോധൈര്യം കൊണ്ടാണ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഇ.ഡി അഭിഭാഷകന്‍ വ്യക്തമാക്കി
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
