ഡല്‍ഹി ജന്തർ മന്തറില്‍ സമരം ചെയ്ത വിദ്യാർഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.ആരോപണങ്ങള്‍ ശരിയെങ്കില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡല്‍ഹി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കണം.വിദ്യാർഥികള്‍ക്ക് നേരെ നടത്തിയ ലാത്തിചാർജിനെതിരായ ഹരജികള്‍ സുപ്രിംകോടതി പരിഗണിക്കുകയാണ്. സമാധാനപരമായ പ്രതിഷേധത്തിന് വിദ്യാർഥികള്‍ക്ക് അവകാശമുണ്ടന്നു കേസ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ലാത്തിച്ചാർജ് വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തിന്റെ മൗനം തുടരുകയാണ്.ജന്തർ മന്തറിലെ സമരത്തിനിടെ വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങള്‍ സിജെപി ശേഖരിക്കുകയാണ്. പൊലീസ് യൂണിഫോമിലല്ലാതെ അക്രമം അഴിച്ചുവിട്ടവരെ പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും ലാത്തിയുമായി മർദിക്കാനെത്തിയതായാണ് വിവരം. നെയിം ബോർഡ് വയ്ക്കാതെ യൂണിഫോം ധരിച്ചെത്തിയവരും വിദ്യാർഥികളെ മർദിക്കുകയുണ്ടായി. ആണി തറപ്പിച്ച ലാത്തിയുമായി മർദിക്കാൻ എത്തിയവരെയും കണ്ടെത്താൻ സിജെപി ശ്രമിക്കുന്നുണ്ട്.പ്രതിഷേധത്തിനിടെ ഏഴ് തവണ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ടുകള്‍. അഞ്ച് തവണ പ്രതിഷേധക്കാർക്ക് നേരെയും രണ്ട് തവണ നിലത്തേക്കും വെടിയുതിർക്കുകയുണ്ടായി. കൊണോട്ട് പ്ലേസില്‍ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് പ്രയോഗം നടത്തിയത്. ഈ ആക്രമണങ്ങളില്‍ മൂന്ന് വിദ്യാർഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഉദ്യോഗസ്ഥനെതിരെ സിആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം സിജെപിക്ക് കേന്ദ്രം നല്കിയ ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കേണ്ട അവസാന തിയതി ഇന്നാണ്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവർക്കെതിരെയുള്ള എഫ്ഐആറുകള്‍ മടക്കി നല്‍കുമെന്നും ഭാവിയില്‍ ഒരുതരത്തിലുള്ള നടപടികളും ഉണ്ടാവില്ലെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിരുന്നു. ഇതാണ് രേഖാമൂലം നല്‍കേണ്ടത്. സമരം അവസാനിച്ചതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് കേസുകള്‍ രജിസ്റ്റർ ചെയ്ത് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. ഇത് ഉറപ്പുകളുടെ ലംഘനമെന്ന് സിജെപി ഇന്നലെ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബിഹാറില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കാൻ ബിഹാർ സർക്കാർ തീരുമാനിച്ചതയായി സിജെപി അറിയിച്ചു. കേന്ദ്ര സർക്കാർ വാക്കുപാലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന മുന്നറിയിപ്പും സിജെപി നല്കി.
ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
