വെണ്ണലയിൽ അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹൻ എന്ന വി.എ. മോഹൻ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതിയെ വെറുതെവിട്ട് സിബിഐ കോടതി. തൃശ്ശൂർ സ്വദേശി സന്തോഷ് കുമാർ എന്ന കണ്ണനെയാണ് വിചാരണ നടപടികളിലേക്ക് കടക്കാതെ കോടതി കുറ്റവിമുക്തനാക്കിയത്. ഇരുപത് വർഷത്തോളം പഴക്കമുള്ള കേസിലാണ് കോടതി നടപടി.2006 ഏപ്രിൽ അഞ്ചിനാണ് എറണാകുളം വെണ്ണലയിൽ സ്പിരിറ്റ് വ്യാപാരിയായിരുന്ന മിഥില മോഹൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. അനധികൃത സ്പിരിറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. കേരള പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.117 സാക്ഷികളെയാണ് സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ച കോടതി, പ്രതിക്കെതിരെ വിചാരണ തുടരുന്നതിന് മതിയായ അടിസ്ഥാനമില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് സന്തോഷ് കുമാറിനെ വിചാരണ കൂടാതെ വെറുതെവിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ, എൻ.യു. ഹരികൃഷ്ണ, സഈർ അഹമ്മദ് എന്നിവർ ഹാജരായി.
മിഥില മോഹൻ കൊലക്കേസ്: 20 വർഷത്തിന് ശേഷം പ്രതിയെ വിചാരണ കൂടാതെ വെറുതെവിട്ട് സിബിഐ കോടതി
