കോണ്‍ഗ്രസ് ഭരിക്കുന്ന മഞ്ഞള്ളൂർ റൂറല്‍ സഹകരണ ബാങ്കില്‍ നടന്ന വൻ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട്, ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളില്‍ നിന്നും ജീവനക്കാരില്‍ നിന്നും 22,13,85,348 രൂപ തിരിച്ചുപിടിക്കാൻ എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു.ബാങ്കിന്റെ മുൻ പ്രസിഡന്റ് അന്തരിച്ച ജോയ് മാളിയേക്കല്‍, മുൻ സെക്രട്ടറി ഡൊമിനിക് സ്കറിയ എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ പങ്കാളിത്തത്തോടെ ആസൂത്രിതമായ തട്ടിപ്പാണ് നടന്നതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.മതിയായ ഈട്, വാല്യുവേഷൻ എന്നിവ ഇല്ലാതെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കോടികള്‍ ബെനാമി വായ്പയായി എടുത്തു. നിക്ഷേപകർ അറിയാതെ സ്ഥിര നിക്ഷേപ രസീതുകളുടെ വ്യാജ പകർപ്പുകള്‍ ഉണ്ടാക്കി വായ്പ എടുത്തതോടൊപ്പം, ബാങ്ക് സോഫ്റ്റ്വെയറിലും ഓഡിറ്റ് രേഖകളിലും കൃത്രിമം കാട്ടിയും വലിയ തോതില്‍ സാമ്പത്തിക വഞ്ചന നടന്നു. ഈ ക്രമക്കേടുകള്‍ വഴി സംഘത്തിന് ഉണ്ടായ ആകെ നഷ്ടം 22.13 കോടി രൂപയാണെന്ന് കണക്കാക്കുന്നു. ഏറ്റവും കൂടുതല്‍ ബാധ്യത ചുമത്തിയിരിക്കുന്നത് ജോയ് മാളിയേക്കലിനാണ് (6,45,13,998 രൂപ). അദ്ദേഹം മരിച്ചതിനാല്‍ ഈ തുക അനന്തരാവകാശികളില്‍ നിന്ന് ഈടാക്കണമെന്നാണ് നിർദേശം.ഡൊമിനിക് സ്കറിയക്ക് 6,12,81,134 രൂപ, ആനി ജോയ് 2,12,73,358 രൂപ, വിഎം സൈനുദ്ദീൻ 1,96,58,954 രൂപ, കെഎസ് ബോബൻ 1,40,90,203 രൂപ എന്നിങ്ങനെ കേസില്‍ ഉള്‍പ്പെട്ട 20 പേരോട് തുക തിരിച്ചടയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. ബാങ്കിന്റെ നിലവിലെ അറ്റനഷ്ടം 28.48 കോടി രൂപയാണെന്നും പ്രവർത്തന മൂലധനം വൻതോതില്‍ ചോർന്നുപോയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഉത്തരവ് ലഭിച്ചിട്ട് ഒരു മാസത്തിനകം തുക ബാങ്കില്‍ തിരിച്ചടയ്ക്കാത്ത പക്ഷം, ബന്ധപ്പെട്ടവരുടെ സ്ഥാവര-ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാൻ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന മഞ്ഞള്ളൂര്‍ ബാങ്കിലെ തട്ടിപ്പ്: ബെനാമി വായ്പയായി എടുത്തത് കോടികള്‍, 22.13 കോടി തിരിച്ച് പിടിക്കാൻ ഉത്തരവ്
