ന്യൂഡൽഹി: രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ നിയന്ത്രിക്കുന്നതിന് നിയമനിർമാണം കൊണ്ടുവരണമോ എന്ന വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ മറുപടി തേടി സുപ്രീം കോടതി. ഇക്കാര്യത്തിൽ യാതൊരു നിർദ്ദേശങ്ങളും നൽകാനല്ല, മറിച്ച് സർക്കാറിനെ ഇക്കാര്യത്തിൽ ബോധവത്കരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരം വിവാഹങ്ങൾ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്ന് നിരീക്ഷിച്ചത്.
രക്തബന്ധത്തിലുള്ള വിവാഹങ്ങൾ സംബന്ധിച്ച സാമൂഹിക പരിഷ്കരണ നിയമങ്ങൾ കൊണ്ടുവരുന്നത് നിയമനിർമാണസഭയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രവചിക്കാവുന്നതും ഒഴിവാക്കാവുന്നതുമായ ജനിതക അപകടസാധ്യതകളിലേക്ക് കുട്ടികളെ തള്ളിവിടുന്ന ഇത്തരം ആചാരങ്ങൾ നിയമം തുടർന്നും അനുവദിക്കണോ എന്ന് ചോദ്യം ചെയ്ത് ബംഗളൂരുവിലെ നിയമ വിദ്യാർഥിനി ചാർവി.എസ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
അഭിഭാഷകൻ അഞ്ജുമൻ ത്രിപാഠി മുഖേന സമർപ്പിച്ച ഹരജിയിൽ രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ ഹോമോസൈഗോസിറ്റി വർധിപ്പിക്കുമെന്നും തന്മൂലം കുട്ടികളിൽ പാരമ്പര്യമായി ലഭിക്കുന്ന ജനിതക രോഗങ്ങൾക്കുള്ള സാധ്യത കൂടുമെന്നും സൂചിപ്പിക്കുന്ന വൈദ്യശാസ്ത്ര പഠനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ജന്മനായുള്ള വൈകല്യങ്ങൾ, ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ, വികാസപരമായ വൈകല്യങ്ങൾ, ശിശുമരണങ്ങൾ, മറ്റ് പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവയാണ് സാധ്യതയുള്ള അപകടസാധ്യതകളായി ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
വാദത്തിനിടെ, ഈ വിഷയത്തിൽ തലമുറകൾ തമ്മിലുള്ള തുല്യതയുടെ പ്രശ്നം ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ വാദിക്കുകയും ഇത്തരം വിവാഹങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ പൊതുജന അവബോധം ആവശ്യപ്പെടുകയും ചെയ്തു. വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് ആളുകളെ അപകടസാധ്യതകളെക്കുറിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മുൻകരുതലുകളും തേടി. ചില ഗ്രാമപ്രദേശങ്ങളിൽ ആളുകൾ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാതെ കുടുംബത്തിനുള്ളിലെ ബന്ധുക്കളെ വിവാഹം കഴിക്കുന്ന പതിവുണ്ടെന്ന് ഹരജിയിൽ അവകാശപ്പെട്ടു. ഈ വിഷയത്തിൽ പൊതുജന അവബോധം ആവശ്യമാണെന്ന് ബെഞ്ച് പറഞ്ഞു. അതേസമയം വിവാഹം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും വ്യക്തികൾക്ക് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയണമെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു.കൗൺസലിങ്, ജനിതക അപകടസാധ്യതകൾ വെളിപ്പെടുത്തൽ, വൈദ്യശാസ്ത്രപരമായി നിർദ്ദേശിക്കപ്പെട്ട പരിശോധനകളും സർട്ടിഫിക്കേഷനും എന്നിവ ഈ സുരക്ഷാ മുൻകരുതലുകളിൽ ഉൾപ്പെടണമെന്ന് ഹരജിയിൽ പറയുന്നു. പ്രത്യേക സമുദായ ആചാരങ്ങളെ വിമർശിക്കാനോ ഭിന്നശേഷിയുള്ളവരുടെ മൂല്യം കുറച്ചുകാണിക്കാനോ അല്ല തങ്ങൾ ശ്രമിക്കുന്നതെന്ന് ഹരജിയിൽ വ്യക്തമാക്കി. പകരം, കുട്ടികൾക്ക് ഉണ്ടാകാവുന്ന പ്രവചിക്കാവുന്നതും ഒഴിവാക്കാവുന്നതുമായ ദോഷങ്ങൾ തടയുക എന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നാണ് ഹരജി വാദം
