മെസ്സിയുടെ പേരില്‍ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹ്മാൻ പ്രതി

ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്തു.സ്പോർട്സ് കൗണ്‍സില്‍ മുൻ പ്രസിഡന്റ് യു. ഷറഫലി, മന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ എന്നിവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. സ്പോണ്‍സർക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വി. അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി ഇടപെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.അബ്ദുറഹ്മാനെ കേസില്‍ പ്രതിചേർക്കുന്നതിനുള്ള സർക്കാർ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐടി തുടർനടപടികളിലേക്ക് കടന്നത്. മൂന്നുപേർക്കുമെതിരെ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിചേർക്കാൻ അന്വേഷണ സംഘം സർക്കാരിനെ സമീപിച്ചത്. അനുമതി ലഭിച്ചതോടെ ഇവരെ പ്രതികളാക്കി എഫ്‌ഐആറില്‍ നടപടികള്‍ സ്വീകരിച്ചു.

കേസില്‍ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. ഇനി പ്രതികളുടെ ചോദ്യം ചെയ്യലും തുടർ അന്വേഷണവും നിർണായകമാകും.സാധാരണയായി അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ അന്വേഷിക്കുന്നത് വിജിലൻസാണ്. ഇത്തരം കേസുകളില്‍ റിപ്പോർട്ട് സമർപ്പിക്കേണ്ടത് വിജിലൻസ് കോടതിയിലുമാണ്. എന്നാല്‍, ഈ കേസില്‍ അന്വേഷണം നടത്തുന്നത് പ്രത്യേക അന്വേഷണ സംഘമാണ്. കളമശ്ശേരി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാല്‍, ബന്ധപ്പെട്ട അധികാരപരിധിയിലുള്ള കോടതിയിലാണോ അതോ വിജിലൻസ് കോടതിയിലാണോ റിപ്പോർട്ട് സമർപ്പിക്കേണ്ടതെന്ന കാര്യത്തില്‍ നിയമപരമായ ആശയക്കുഴപ്പമുണ്ട്.

ഇക്കാര്യം ചർച്ച ചെയ്യാൻ എസ്‌ഐടിയുടെ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ നിയമപരമായ നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തിയ ശേഷമായിരിക്കും കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കുക. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്പോണ്‍സർക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്നതാണ് വി. അബ്ദുറഹ്മാനെതിരായ പ്രധാന കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *