ലോക്കൗട്ട് കാലം മുതൽ പ്രവർത്തനം നിലയ്ക്കുന്നതുവരെ പിഎഫ് ആനുകൂല്യം നൽകണമെന്ന് ഹൈക്കോടതി

കോട്ടയം ∙ ലോക്കൗട്ടിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) ആനുകൂല്യം സംബന്ധിച്ച് സുപ്രധാന നിർദേശവുമായി ഹൈക്കോടതി. ചിങ്ങവനം ടെസിൽ കെമിക്കൽസ് ആൻഡ് ഹൈഡ്രോ പവർ ലിമിറ്റഡ് ലോക്കൗട്ട് ചെയ്തതു മുതൽ പൂർണമായി പ്രവർത്തനം നിലയ്ക്കുന്നതു വരെ കാലയളവിലെ പിഎഫ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തൊഴിലാളികൾ അർഹരാണെന്നും ഹൈക്കോടതിയുടെ വിധിന്യായത്തിൽ പറഞ്ഞു. ലോക്കൗട്ട് കാലത്തെ പിഎഫ് ലഭിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം 4 മാസത്തിനകം പരിഗണിച്ച് തീരുമാനമെടുക്കാൻ കോട്ടയം റീജനൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. 1999 മേയിലാണ് ടെസിൽ ഫാക്ടറിയിൽ ലോക്ക് ഔട്ട് പ്രഖ്യാപിച്ചത്. സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിനായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഒട്ടേറെ ആനുകൂല്യങ്ങൾ വ്യവസ്ഥകളോടെ അനുവദിച്ചിരുന്നു.

തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ നൽകണമെന്നതടക്കമുള്ള വ്യവസ്ഥകൾ പാലിക്കാതെ സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിച്ച സ്ഥാപനം പുനരുദ്ധാരണത്തിനോ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാനോ തയാറായില്ലെന്നാണ് ഹർജിക്കാരുടെ ആരോപണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ബാബു കൊച്ചെറിയ, കെ.ടി.ഷാജിമോൻ, ഏബ്രഹാം സഖറിയ, എൻ.ജെ.സാബു എന്നിവർ ഉൾപ്പെടെ 17 തൊഴിലാളികളാണ് ഹർജി നൽകിയത്. ഹർജിക്കാർക്കുവേണ്ടി ജോർജ് സഖറിയ എരുത്തിക്കൽ ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *