ചേരാനല്ലൂരില്‍ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തില്‍, മോട്ടോർ വാഹന വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കി സെഷൻസ് കോടതി ജഡ്ജി.തന്റെ അറിവോടെയല്ല മകൻ വാഹനം പുറത്തേക്ക് കൊണ്ടുപോയതെന്നും, അതിനാല്‍ കാറിന്റെ രജിസ്ട്രേഷൻ (RC) റദ്ദാക്കരുതെന്നുമാണ് മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.സമാനമായ കേസുകളിലെ മുൻ കോടതി ഉത്തരവുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജഡ്ജി വിശദീകരണം നല്‍കിയത്. വാഹനം തന്റെ പേരിലാണെങ്കിലും അപകടത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഈ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍, ആർ.സി റദ്ദാക്കുന്നതുപോലുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുന്നത് നിയമവിരുദ്ധമാകുമെന്നും മറുപടിയിലുണ്ട്.ജഡ്ജി നല്കിയ വിശദീകരണം പരിശോധിച്ച ശേഷം, കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടർനടപടികള്‍ സ്വീകരിക്കുകയുള്ളൂ. അതേസമയം, കേസില്‍ പ്രതിയായ 17-കാരന് ജുവനൈല്‍ ജസ്റ്റിസ് ബോർഡ് അനുവദിച്ച ജാമ്യവും, അത് ശരിവെച്ച കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും കോടതിയെ സമീപിച്ചിട്ടുണ്ട്.
‘അപകടത്തില്‍ പങ്കില്ല, എൻ്റെ അറിവോടെയല്ല മകൻ വാഹനം കൊണ്ടുപോയത്, RC റദ്ദാക്കരുത്’: ചേരാനല്ലൂര്‍ വാഹനാപകടത്തിലെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കി ജഡ്ജി
