‘ബുള്‍ഡോസര്‍ നീതി’ക്കെതിരായ വിധി തന്‍റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്: ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

ജഡ്ജിമാര്‍ പൊതുവായ അഭിപ്രായപ്രകടനങ്ങള്‍ സാധാരണയായി നടത്താറില്ലെങ്കിലും തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്.’ബുള്‍ഡോസര്‍ നീതി’ക്കെതിരായ വിധിയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് വെള്ളിയാഴ്ച പറഞ്ഞു. അതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് തൊഴില്‍ സംവരണത്തിനായി എസ്‌സി എസ്ടി വിഭാഗങ്ങളെ ഉപവര്‍ഗീകരിക്കുന്നതിനായുള്ള വിധിയുമായിരുന്നെന്ന് ഗവായ് വെളിപ്പെടുത്തി.സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധി ഏതായിരുന്നുവെന്ന് ആരെങ്കിലും തന്നോട് ചോദിക്കുകയാണെങ്കില്‍, അത് ബുള്‍ഡോസര്‍ നീതിക്കെതിരായ വിധിയായിരിക്കുമെന്ന് നിസ്സംശയം താന്‍ പറയുമെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.’ബുള്‍ഡോസര്‍ നീതി രാജ്യത്തെ നിയമവാഴ്ചയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു വ്യക്തി ചെയ്ത കുറ്റത്തിന് എങ്ങനെയാണ് അയാളുടെ വീട് തകര്‍ക്കാനാകുക? അയാളുടെ കുടുംബവും മാതാപിതാക്കളും എന്ത് തെറ്റാണ് ചെയ്തത്? ജീവിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശങ്ങളില്‍ പെട്ടതാണ്.’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *