പശ്ചിമ ബംഗാളിൽ ഋതബ്രത ബാനർജിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടം; നേതൃപ്പോരിൽ ഇടപെട്ട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും നിയമനങ്ങൾ റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. പ്രതിപക്ഷ നേതാവായി തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗം നേതാവ് ഋതബ്രത ബാനർജിയെയും ചീഫ് വിപ്പായി അഖ്റുസമാനെയും നിയമിച്ച സ്പീക്കറുടെ തീരുമാനമാണ് കോടതി റദ്ദാക്കിയത്. ഇരുനിയമനങ്ങളിലും പത്ത് ദിവസത്തിനകം പുനഃപരിശോധന നടത്തി പുതിയ ഉത്തരവിറക്കാൻ നിയമസഭാ സ്പീക്കർ രവീന്ദ്ര ബോസിനോട് ജസ്റ്റിസ് കൃഷ്ണ റാവു നിർദേശിച്ചു.തൃണമൂൽ കോൺഗ്രസ് എംഎൽഎ ശോഭൻദേവ് ചാറ്റർജിയാണ് സ്പീക്കറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പാർട്ടി നാമനിർദേശം ചെയ്തത് തന്നെയാണെന്നും, അത് മറികടന്ന് വിമത വിഭാഗത്തിന്റെ നേതാവായ ഋതബ്രത ബാനർജിയെ നിയമിച്ചത് നിയമവിരുദ്ധമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി തർക്കം ഉടലെടുത്തത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ശോഭൻദേവ് ചാറ്റർജിയെ പ്രതിപക്ഷ നേതാവായി നിർദേശിച്ചിരുന്നു. എന്നാൽ, പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നിവേദനം നൽകി. ജൂൺ മൂന്നിന് വിമത വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച സ്പീക്കർ, ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെയാണ് ശോഭൻദേവ് ചാറ്റർജി ഹൈക്കോടതിയെ സമീപിച്ചത്.നേരത്തെ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഋതബ്രത ബാനർജിക്ക് പ്രതിപക്ഷ നേതാവായി തുടരാൻ അനുമതി നൽകിയിരുന്നു. എന്നാൽ, നിയമനം അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കേസിൽ വേഗത്തിൽ തീർപ്പുണ്ടാക്കാൻ സുപ്രിംകോടതിയും ഹൈക്കോടതിയോട് നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *