ഡോക്ടറുടെ കോട്ടണിഞ്ഞ് ആശുപത്രിയില്‍ ചികിത്സ; കുവൈത്തില്‍ വ്യാജ ഡോക്ടര്‍ക്ക് 3 വര്‍ഷം കഠിനതടവ്

കുവൈത്തിലെ പബ്ലിക് ഹോസ്പിറ്റലില്‍ ഡോക്ടറുടെ കോട്ടണിഞ്ഞ് എത്തി ജീവനക്കാരെയും രോഗികളെയും പറ്റിച്ച വ്യാജ ഡോക്ടർ ഒടുവില്‍ പിടിയിലായി.തട്ടിപ്പ് നടത്തിയ കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 കുവൈത്ത് ദിനാർ പിഴയും ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ആശുപത്രി അധികൃതർക്ക് പോലും സംശയം തോന്നാത്ത രീതിയില്‍ ഔദ്യോഗിക യൂണിഫോം ധരിച്ചാണ് ഇയാള്‍ മെഡിക്കല്‍ കോംപ്ലക്സിനുള്ളില്‍ തമ്പടിച്ചിരുന്നത്. തുടർന്ന് ആശുപത്രിയിലെത്തിയ ഒരു യുവതിക്ക് സൗന്ദര്യവർദ്ധക ശസ്ത്രക്രിയ വേഗത്തിലാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 950 കുവൈത്ത് ദിനാർ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു.ഡോക്ടറുടെ വേഷത്തില്‍ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലൂടെ ഇയാള്‍ സംശയാസ്പദമായ രീതിയില്‍ നടക്കുന്നത് സിസിടിവി ക്യാമറകളില്‍ പതിഞ്ഞതാണ് തട്ടിപ്പുകാരന് വിനയായത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയുടെ യഥാർത്ഥ മുഖം പുറത്തുവന്നതും അറസ്റ്റിലായതും. കോടതിയില്‍ കുറ്റം പൂർണ്ണമായും തെളിഞ്ഞതോടെയാണ് പ്രതിക്കെതിരെ കഠിനതടവ് ഉള്‍പ്പെടെയുള്ള ശക്തമായ ശിക്ഷാവിധി പ്രഖ്യാപിച്ചത്. രോഗികളുടെ സുരക്ഷ മുൻനിർത്തി ഇത്തരം തട്ടിപ്പുകാർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *