ട്രംപിന് തിരിച്ചടി; വാള്‍സ്ട്രീറ്റ് ജേണലിനെതിരായ മാനനഷ്ടക്കേസ് യുഎസ് കോടതി തള്ളി

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെടുത്തിയുള്ള വാർത്തയുടെ പേരില്‍ വാള്‍സ്ട്രീറ്റ് ജേണലിനും റൂപർട്ട് മർഡോക്കിനുമെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി.1000 കോടി ഡോളർ (ഏകദേശം 83,000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ട്രംപ് ഫ്ലോറിഡ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്.2003ല്‍ എപ്‌സ്റ്റീന് നല്‍കിയ ബർത്ത്ഡേ ബുക്കില്‍ ട്രംപിന്റെ പേരുണ്ടെന്ന ജൂലൈ 17ലെ റിപ്പോർട്ടാണ് കേസിനാധാരം. ഈ കുറിപ്പില്‍ ട്രംപ് ഒരു സ്ത്രീയുടെ ചിത്രം വരച്ചു ചേർത്തതായും പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, പത്രം തനിക്കെതിരെ ദുരുദ്ദേശ്യപരമായി പ്രവർത്തിച്ചുവെന്ന് തെളിയിക്കാൻ ട്രംപിന് സാധിച്ചില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി ഡാരിൻ ഗെയ്‌ല്‍സ് നിരീക്ഷിച്ചു.വാർത്ത തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പത്രം അത് പ്രസിദ്ധീകരിച്ചു എന്ന് ബോധ്യപ്പെടുത്താൻ വാദിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പരാതിയിലെ പിഴവുകള്‍ തിരുത്തി പുതിയ ഹർജി നല്‍കാൻ ഏപ്രില്‍ 27 വരെ ട്രംപിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. വ്യാജവാർത്തകള്‍ നല്‍കുന്നവരെ ഇനിയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പരിഷ്കരിച്ച ഹർജി ഉടൻ നല്‍കുമെന്നും ട്രംപിന്റെ അഭിഭാഷകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *