‘ഹിന്ദുമതം ഉള്‍ക്കൊള്ളലിൻ്റേത്, അബ്രഹാമിക മതങ്ങള്‍ പുറന്തള്ളലിൻ്റേത്’; മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഹിന്ദുമതം എല്ലാവരെയും സ്വീകരിക്കുന്ന സഹിഷ്ണുതാ സ്വഭാവമുള്ളതാണെന്നും എന്നാല്‍ അബ്രഹാമിക് മതങ്ങള്‍ സ്വാഭാവികമായി തന്നെ മറ്റുള്ളവരെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവയാണെന്നും മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് കൊടൈക്കനാലില്‍ സെന്‍ ധ്യാനകേന്ദ്രവും സ്‌കൂളും നടത്തുന്ന കാന്‍സിയോണ്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നിഷേധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് എം.ഡി സുമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.ഹിന്ദുമതത്തില്‍നിന്ന് വ്യത്യസ്തമായി അബ്രഹാമിക് മതങ്ങള്‍ അന്തര്‍ലീനമായി തന്നെ അപരവിശ്വാസങ്ങളെ തള്ളിക്കളയുന്ന സ്വഭാവമുള്ളവയാണെന്ന് കോടതി പറഞ്ഞു. ജൂത, ക്രിസ്ത്യന്‍, ഇസ്‌ലാം മതവിശ്വാസികള്‍ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നതാണ് ഒരേയൊരു സമ്പൂര്‍ണ സത്യമെന്ന് വിശ്വസിക്കുന്നു. ക്രൈസ്തവ മതം സുവിശേഷ പ്രചാരണത്തിന് പ്രാധാന്യം നല്‍കുന്ന ഒന്നാണെന്നും എല്ലാവരെയും യേശുക്രിസ്തുവിന്റെ പാതയിലേക്ക് കൊണ്ടുവരിക എന്നതാണ് അതിന്റെ ദൈവശാസ്ത്ര ദൗത്യമെന്നും കോടതി ചൂണ്ടിക്കാട്ടി.ട്രസ്റ്റിന്റെ അപേക്ഷയില്‍ മതപരമായ സ്വഭാവം വ്യക്തമാക്കാതിരുന്ന നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പുള്ളിപ്പുലിക്ക് ഒരിക്കലും അതിന്റെ പുള്ളികള്‍ മാറ്റാന്‍ കഴിയില്ലെന്ന പഴഞ്ചൊല്ല് പരാമര്‍ശിച്ച കോടതി, മതപരമായ ചിഹ്നങ്ങള്‍ മാറ്റിമറിക്കാന്‍ ശ്രമിച്ചാലും അടിസ്ഥാനപരമായ സ്വഭാവത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഓര്‍മിപ്പിച്ചു.

നിയന്ത്രണമില്ലാതെ വിദേശസംഭാവന സ്വീകരിക്കാനും അത് മതപരിവര്‍ത്തനത്തിന് ഉപയോഗിക്കാനും അനുവദിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. മതപരിവര്‍ത്തനം നടത്തുന്ന സംഘടനയെ അത് ഏതു മതത്തില്‍പ്പെട്ടതായാലും വിദേശ സംഭാവന സ്വീകരിക്കാന്‍ അനുവദിക്കാനാവില്ല. ക്രൈസ്തവ മതമൗലിക സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ പ്രസിദ്ധരാണ്. ഘര്‍ വാപസി നടത്തുന്ന ഹിന്ദു മതമൗലിക സംഘടനയ്ക്കും വിദേശ സംഭാവനാ രജിസ്‌ട്രേഷന് അര്‍ഹതയില്ല. കാന്‍സിയോണ്‍ ട്രസ്റ്റിന്റെ സ്ഥാപകന്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതനാണ്. എന്നാല്‍, ഈ സ്ഥാപനം മതപരിവര്‍ത്തനം നടത്തുന്നെന്ന് അഭിപ്രായമില്ലെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *