ഭാരതീയ നാഗരികതയുടെ മഹത്വം അതിന്റെ ധാർമ്മികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളുമായി ഇഴചേർന്നു കിടക്കുന്നതാണെന്നും, അതിനെ നീക്കം ചെയ്യുന്നത് രാജ്യത്തിന്റെ ആത്മാവിനെ നീക്കം ചെയ്യുന്നതിന് തുല്യമാണെന്നും കർണാടക ഹൈക്കോടതി. സങ്കി ടാങ്ക് പാർക്കിൽ ശ്രീ ശങ്കരാചാര്യ ജയന്തി ആഘോഷിക്കാൻ സ്വകാര്യ ട്രസ്റ്റിന് അനുമതി നിഷേധിച്ച ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെയും ബംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷന്റെയും തീരുമാനം റദ്ദാക്കിക്കൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.പൊതു ഓഡിറ്റോറിയങ്ങൾ മതപരമോ രാഷ്ട്രീയമോ ആയ പരിപാടികൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ അനുമതി നിഷേധിച്ചത്. എന്നാൽ, മല്ലേശ്വരം ബ്രാഹ്മണ സഭ ട്രസ്റ്റ് സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എം.ഐ. അരുൺ, ഇന്ത്യൻ സംസ്‌കാരവും ധർമ്മവും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെക്കുറിച്ച് നിരീക്ഷണം നടത്തിയത്.ഇന്ത്യ ഒരു മതേതര രാജ്യമാണെങ്കിലും, മതപരവും സാംസ്കാരികവുമായ പരിപാടികൾ നടത്താൻ പാടില്ലെന്ന് അതിനർത്ഥമില്ലെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയിൽ തന്നെ രാമായണം, ഭഗവദ്ഗീത, ഗൗതമ ബുദ്ധൻ, മഹാവീര സ്വാമി തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ധർമ്മത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ സംസ്‌കാരത്തിന്റെ ആഘോഷം നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ആയി കണക്കാക്കാനാവില്ലെന്നും സമൂഹത്തിന്റെ നന്മയ്ക്കായി ഇത്തരം നല്ല കാര്യങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും വിധിന്യായത്തിൽ പറയുന്നു.ശങ്കരാചാര്യർ ഇന്ത്യയിലെ ഏറ്റവും ആദരണീയരായ ആചാര്യന്മാരിൽ ഒരാളാണെന്നും അദ്ദേഹം പ്രചരിപ്പിച്ച അദ്വൈത തത്ത്വചിന്ത രാജ്യത്തെ പ്രമുഖ ദർശനങ്ങളിൽ ഒന്നാണെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ശ്രീ ശങ്കരാചാര്യ ജയന്തി ആഘോഷം ധാർമ്മികവും സാംസ്കാരികവുമായ ഒന്നായി കണക്കാക്കണമെന്നും കോടതി പറഞ്ഞു. അനുമതി നിഷേധിച്ച അധികൃതരുടെ നടപടി യുക്തിരഹിതവും ഏകപക്ഷീയവുമാണെന്നും കോടതി പറഞ്ഞു.
ധർമ്മത്തെ മാറ്റിനിർത്തുന്നത് രാജ്യത്തിന്റെ ആത്മാവിനെ ഇല്ലാതാക്കുന്നതിന് തുല്യം’;കർണാടക ഹൈക്കോടതി
