ആസൂത്രണ ബോര്‍ഡ് നിയമന പരീക്ഷയിലെ ക്രമക്കേട്; പി.എസ്.സിയെ കുടഞ്ഞ് ഹൈക്കോടതി

ആസൂത്രണ ബോര്‍ഡ് നിയമന പരീക്ഷയിലെ ക്രമക്കേടില്‍ പി.എസ്.സിയെ കുടഞ്ഞ് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കാൻ കോടതി പി.എസ്.സിക്ക് നിർദേശം നല്‍കി.ക്രമക്കേടിന് പിന്നില്‍ വൻ ഗൂഢാലോചന ഉണ്ടെന്നും കോടതി പറഞ്ഞു.58 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതിരുന്നത് ഗുരുതര ക്രമക്കേടെന്ന് നിരീക്ഷിച്ച കോടതി ഇത് അഴിമതിയല്ലേ എന്നാണ് ചോദിച്ചത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ലെന്ന് ചെയര്‍മാനും അംഗങ്ങള്‍ക്കും എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. നിങ്ങളുടെ ഭാഗം ശരിയാണെങ്കില്‍ അത് അന്വേഷണ സംഘത്തിന് മുന്നില്‍ സ്ഥാപിക്കാനും കോടതി ആവശ്യപ്പെട്ടു.ഗുരുകരമായ ക്രമക്കേടില്‍ അന്വേഷണം വേണ്ട എന്ന് എങ്ങനെ പറയാനാവുമെന്ന് കോടതി ആരാ‍ഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസ് ചോദ്യം ചെയ്ത് പി.എസ്.സി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ചെയര്‍മാനും അംഗങ്ങളും നിയമത്തെ അനുസരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ വഴി സ്വീകരിക്കൂ എന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്ക് എങ്ങനെ കോടതിയെ സമീപിക്കാനാകും എന്നും കോടതി ചോദിച്ചു. ഹർജിയുടെ സാധുതയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. പി.എസ്.സി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയാണെന്നും കോടതി പരാമർശിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്നും അംഗങ്ങള്‍ക്കും ചെയര്‍മാനും സമന്‍സ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ എസ്‌ഐടി സത്യവാങ്ങ്മൂലം നല്‍കണം. കേസ് കോടതി അടുത്ത ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *