കൊച്ചി: സംവരണപ്പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാത്ത സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി.കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചെങ്കിലും സംസ്‌ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്‌റ്റിസ് സൗമെന്‍ സെന്‍, ജസ്‌റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ വിമര്‍ശനമുണ്ടായത്. പിന്നോക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് മുഴുവന്‍ സംവരണ ആനുകൂല്യം ലഭിക്കും വിധം സംവരണപ്പട്ടിക പുതുക്കാന്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍സാമൂഹിക, സാമ്പത്തിക സര്‍വേ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന 2010ലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരേ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്‌റ്റ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സെപ്‌റ്റംബര്‍ എട്ടിനകം സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്ന് സംസ്‌ഥാന പിന്നാക്ക വികസന ഡയറക്‌ടര്‍ക്കും പിന്നാക്ക വിഭാഗ കമ്മിഷന്‍ സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കി. ആറ് മാസത്തിനകം ചട്ടത്തിലെ 11-ാം വകുപ്പടക്കം പരിഗണിച്ച് സര്‍വേ നടത്തി സംവരണ പട്ടിക പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു 2020ലെ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാറുകള്‍ക്കായിരുന്നു നിര്‍ദേശം. എന്നാല്‍, 2021ലെ 105-ാം ഭരണഘടന ഭേദഗതിക്ക് മുമ്പായിരുന്നു ഹൈക്കോടതി ഉത്തരവുണ്ടായതെന്നും ഭേദഗതിക്ക് ശേഷം സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരുടെ പട്ടിക തയാറാക്കാനുള്ള അധികാരം സംസ്‌ഥാന സര്‍ക്കാരുകള്‍ക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്.2017ലെ കോടതി നിര്‍ദേശപ്രകാരം 2011-ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേരള സംസ്‌ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാന് 2023 മേയ് 23ന് കൈമാറിയതായി കേന്ദ്രത്തിന്റെ സത്യവാങ്‌മൂലത്തില്‍ പറയുന്നു.ഹര്‍ജിയിലെ ആവശ്യവുമായി ബന്ധപ്പെട്ട വിവരങ്ങളായതിനാല്‍ കേന്ദ്ര സത്യവാങ്‌മൂലത്തിലെ ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചു വേണം സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ടതെന്ന് സംസ്‌ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഹര്‍ജി സെപ്‌റ്റംബര്‍ 11ന് പരിഗണിക്കാന്‍ മാറ്റി.
സംവരണപ്പട്ടിക പുതുക്കല്‍ സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
