കൊച്ചി: പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി ഹൈക്കോടതി. ചൊവ്വാഴ്ചക്കകം മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി. പോസ്റ്റല്‍ ബാലറ്റ് ഇതുവരെ കിട്ടിയില്ലെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഹരജിയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കാത്തതിനാല്‍ വോട്ട് ചെയ്യാനായില്ലെന്നും പരാതി നല്‍കിയിട്ടും കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കമ്മീഷന്‍ ഭരണഘടനാ അവകാശം നിഷേധിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഹരജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് തെറ്റാണെന്നും 20,145 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ആരോപിച്ചു. 96 ശതമാനത്തിന് മുകളിൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്തു എന്നാണ് കമ്മീഷൻ വാദം. ഈ കണക്ക് ശരിയല്ലെന്നാണ് സർവീസ് സംഘടനകൾ പറയുന്നത്.സർവീസ് വോട്ടുള്ളവർക്ക് വോട്ടെണ്ണൽ ദിനം വരെ ബാലറ്റ് നൽകുന്ന മാതൃകയിൽ വോട്ട് നഷ്ടമായർക്ക് വോട്ടെടുപ്പിനുള്ള അവസരം ഒരുക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം. വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലേക്ക് ഇടത് സർവീസ് സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബിഎൽഒമാരുടെ ശമ്പള കുടിശ്ശിക കൊടുത്ത് തീർക്കുന്ന കാര്യത്തിൽ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു.
പോസ്റ്റൽ ബാലറ്റ് പ്രതിസന്ധി: തെര.കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി
