ലഖ്നൗ: ജില്ലാതല പെയിന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടും വാഗ്ദാനം ചെയ്ത സമ്മാനത്തുക നൽകിയില്ലെന്ന പരാതിയിൽ ഉത്തർപ്രദേശ് സർക്കാരിന് അലഹബാദ് ഹൈക്കോടതി നോട്ടീസ്. ദീക്ഷ മിശ്ര എന്ന വിദ്യാർത്ഥിനി സമർപ്പിച്ച ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്.സംസ്ഥാന സാംസ്കാരിക വകുപ്പ് 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ വലിയ ആഘോഷത്തോടെ വിദ്യാര്‍ഥികൾക്കായി സംഘടിപ്പിച്ച ‘സേവാ പഖ്വാഡ-2025’ പരിപാടിയുടെ ഭാഗമായാണ് മത്സരം നടന്നത്. സെപ്റ്റംബർ 29-ന് പ്രയാഗ്രാജിൽ നടന്ന ജില്ലാതല പെയിന്റിംഗ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ദീക്ഷ ഒന്നാം സ്ഥാനം നേടിയിരുന്നു.ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 51,000 രൂപയായിരുന്നു സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതുവരെ തുക ലഭിക്കാത്തതിനെത്തുടർന്നാണ് വിദ്യാർത്ഥിനി കോടതിയെ സമീപിച്ചത്. ഒരു വിശദീകരണവും നൽകാതെ അധികാരികൾ ഒഴിഞ്ഞു മാറുകയായിരുന്നു. 2025 ഒക്ടോബർ 6-ന് നടന്ന ചടങ്ങിൽ ദീക്ഷയ്ക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകിയിരുന്നു. എന്നാൽ പ്രഖ്യാപിച്ച 51,000 രൂപയുടെ ചെക്ക് മാത്രം നൽകിയില്ല. ഇതിനുള്ള ഫണ്ട് നേരത്തെ നീക്കിവെച്ചിരുന്നതാണ്.
ഒന്നാം സ്ഥാനം ലഭിച്ചിട്ടും സമ്മാനത്തുക നൽകിയില്ല, വിദ്യാര്‍ഥിനിയുടെ പരാതിയിൽ യുപി സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്
