ന്യൂഡൽഹി∙ തൊഴിലാളികൾക്കു വ്യാപകമായ നിയമപരിരക്ഷ നൽകിക്കൊണ്ടു വ്യവസായത്തെ നിർവചിച്ച 1978-ലെ വിധി പുതിയ സാഹചര്യത്തിൽ ബാധകമാകില്ലെന്നു സുപ്രീം കോടതി. പുതിയ ലേബർ കോഡുകളുടെ ഭാഗമായ വ്യവസായ ബന്ധ ചട്ടത്തിന് ഇതു ബാധകമാകില്ലെന്നാണ് 9 അംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കിയത്. അരനൂറ്റാണ്ടു മുൻപു സുപ്രീം കോടതി നൽകിയ നിർവചനം നിലനിൽക്കുമെങ്കിലും ലേബർ കോഡുകൾ വരുന്നതിനു മുൻപുള്ള കേസുകളിൽ മാത്രമേ ബാധകമാകൂ. 2020 ലെ പുതിയ ചട്ടത്തിലെ നിർവചനമാണു പുതിയ കേസുകളിൽ പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. പല മേഖലകളും വ്യവസായമെന്ന നിർവചനത്തിനു പുറത്താകുമെന്നും അതു വലിയ വിഭാഗം തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.1978–ലെ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സൂവിജ് ബോർഡിന്റെ കേസിൽ വ്യവസായത്തിന് വിപുലമായ നിർവചനം നൽകി കൊണ്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ബെഞ്ച് നൽകിയ വിധിയാണു കേസിന് ആധാരം. വ്യവസായത്തെ നിർവചിക്കാൻ 3 ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള ‘ട്രിപ്പിൾ ടെസ്റ്റ്’ അന്നു കൃഷ്ണയ്യർ നിർദേശിച്ചു. സംഘടിതവും വ്യവസ്ഥാപിതവുമായ പ്രവർത്തനം, തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കൂട്ടായ പ്രവർത്തനം, മനുഷ്യരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന സാധന സേവനങ്ങളുടെ ഉൽപാദനം എന്നിവയായിരുന്നു ഇത്.അന്നത്തെ വിപുലമായ നിർവചന പ്രകാരം, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും വ്യവസായ തർക്ക നിയമത്തിന്റെ പരിരക്ഷ ലഭിച്ചിരുന്നു. തൊഴിൽരംഗത്തെ ചൂഷണങ്ങൾക്കെതിരായ പോരാട്ടത്തിനു ലക്ഷക്കണക്കിനു തൊഴിലാളികളെ ഇതു സഹായിച്ചു. എന്നാൽ, പുതിയ ചട്ടത്തിലെ വ്യാഖ്യാനം അനുസരിച്ചാണ് ഇപ്പോൾ വ്യവസായത്തെ നിർവചിച്ചത്. നേരത്തേ അന്തിമമാക്കിയ കേസുകളെ പുതിയ വ്യാഖ്യാനം ബാധിക്കില്ല. വ്യവസായ തർക്ക നിയമ പ്രകാരമുള്ള കോടതികൾ, ട്രൈബ്യൂണലുകൾ, തൊഴിൽ അധികാരികൾ എന്നിവയ്ക്കു മുന്നിൽ തുടരുന്ന കേസുകളിലും 1978 ലെ ട്രിപ്പിൾ ടെസ്റ്റ് പ്രകാരമായിരിക്കും തീരുമാനമെടുക്കുക. 2005 ൽ യുപി സർക്കാരും ജയ്ബിർ സിങ്ങും തമ്മിലുള്ള കേസിലാണ്, 1978 ൽ കോടതി നൽകിയതു വിശാല അർഥത്തിലുള്ള നിർവചനമേ ആകുന്നുള്ളുവെന്നു ചൂണ്ടിക്കാട്ടി വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. 2017–ലാണ് ഇത് 9 അംഗ ബെഞ്ചിനു വിട്ടത്. തുറന്ന കോടതിയിൽ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 9.30 വരെയും വിധിയുടെ പൂർണരൂപം വെബ്സൈറ്റിൽ ലഭ്യമായിട്ടില്ല.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എഴുതിയ ഭൂരിപക്ഷ വിധിയോട് ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, അലോക് ആരാധെ, വിപുൽ എം. പഞ്ചോളി എന്നിവർ യോജിച്ചു. സ്വകാര്യ– ഉദാരവൽക്കരണങ്ങൾ വ്യാപിച്ച സാഹചര്യത്തിൽ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടാൻ 1978 ലെ വിശാല നിർവചനം ആവശ്യമാണെന്നു ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജനവിധിയെഴുതി48 വർഷമായി നിലനിൽക്കുന്ന നിർവചനത്തിൽ മാറ്റം വരുത്തുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും വ്യവസായരംഗത്തെ സമാധാനം തകർക്കുമെന്നും ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പു നൽകി. സർക്കാർ നടത്തുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ പോലും അതിന്റെ സ്വഭാവമനുസരിച്ച് വ്യവസായത്തിന്റെ പരിധിയിൽ വരാമെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ വ്യാഖ്യാനമാണ് ശരിയെന്നും അവർ വ്യക്തമാക്കി.
വ്യവസായത്തിന് പുതിയ നിർവചനമേകി ഭരണഘടനാബെഞ്ച്
