ഒടുവില്‍ സുപ്രീം കോടതി കനിഞ്ഞു; ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റി

കോടതി ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യം വഷളായ ഖാനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളായി അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധത്തിലായിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അഡിയാല ജയിലില്‍ കഴിയുകയായിരുന്ന ഇമ്രാന്‍ ഖാനെ റാവല്‍പിണ്ടിയില്‍ നിന്ന് ഇസ്ലാമാബാദിലെ ഇന്റര്‍നാഷണല്‍ ഷിഫാ ആശുപത്രിയിലേക്കാണ് മാറ്റിയതെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) വക്താവ് സുല്‍ഫിക്കര്‍ ബുഖാരി സ്ഥിരീകരിച്ചു.കോടതി ഉത്തരവ് അനുസരിച്ച് കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ അനുവാദം നല്‍കണമെന്ന് ബുഖാരി ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാന്റെ ഉടനടിയുള്ള വൈദ്യസഹായത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങേണ്ടതുണ്ടെന്നും, സ്വതന്ത്രമായ മെഡിക്കല്‍ മേല്‍നോട്ടം, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, കുടുംബത്തിനും നിയമസംഘത്തിനും അദ്ദേഹത്തെ കാണാനുള്ള അവകാശം, ആരോഗ്യസ്ഥിതി സംബന്ധിച്ച് പൂര്‍ണ്ണമായ സുതാര്യത എന്നിവ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഖാനെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഇസ്ലാമാബാദിലും ആശുപത്രി പരിസരത്തും കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിരുന്നത്.48 മണിക്കൂറിനുള്ളില്‍ ഇമ്രാന്‍ ഖാനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തണമെന്ന് മൂന്നംഗ സുപ്രീം കോടതി ബെഞ്ച് സര്‍ക്കാരിനോട് ഉത്തരവിടുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്ന കാര്യത്തില്‍ ഭരണകൂടത്തില്‍ ഭിന്നതയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഉത്തരവ് പാലിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കാഴ്ചശക്തി കുറയുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഇമ്രാന്‍ ഖാന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് മാസങ്ങളായി കുടുംബവും പാര്‍ട്ടിയും ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഒടുവിലാണ് കുടുംബം വിഷയവുമായി സുപ്രീം കോടതിയെ സമീപിച്ചത്.നേരത്തെ ഫെബ്രുവരി മാസത്തില്‍, ഇമ്രാന്‍ ഖാന്‍ ഏകാന്തതടവിലാണെന്നും അദ്ദേഹത്തിന്റെ കാഴ്ചശക്തിയുടെ 15 ശതമാനം മാത്രമാണ് ശേഷിക്കുന്നതെന്നും കടുത്ത കണ്ണുരോഗങ്ങള്‍ നേരിടുന്നുണ്ടെന്നും പി.ടി.ഐ വക്താക്കള്‍ വ്യക്തമാക്കിയിരുന്നു. അടിസ്ഥാന മെഡിക്കല്‍ പരിചരണവും അഭിഭാഷകരുമായും കുടുംബവുമായുള്ള കൂടിക്കാഴ്ചകളും നിഷേധിക്കപ്പെടുകയായിരുന്നു. ഖാന് മെഡിക്കല്‍ സഹായം നല്‍കണമെന്നും സഹോദരിമാരെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഡിയാല ജയിലിന് മുന്നില്‍ അദ്ദേഹത്തിന്റെ കുടുംബവും അണികളും നിരന്തരം പ്രതിഷേധങ്ങള്‍ നടത്തിവരികയായിരുന്നു.ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഖാന്റെ ചികിത്സയ്ക്കായി കണ്ണ് രോഗ വിദഗ്ദ്ധനെ ഉള്‍പ്പെടുത്തുമെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. തടവുകാരന്റെ ജീവന്‍, ആരോഗ്യം, അന്തസ്സ്, സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള ഭരണഘടനാപരവും നിയമപരവുമായ ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. ചികിത്സ തടസ്സപ്പെടാതിരിക്കാന്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടില്ലെന്ന് ഖാന്റെ പാര്‍ട്ടി കോടതിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. മുന്‍ നാഷണല്‍ അസംബ്ലി സ്പീക്കറും ഖാന്റെ അടുത്ത അനുയായിയുമായ അസദ് ഖൈസര്‍, ആശുപത്രിക്ക് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും തടിച്ചുകൂടരുതെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ അഭ്യര്‍ത്ഥിച്ചു. നിര്‍ദ്ദേശം ലംഘിച്ച് എത്തുന്നവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.2023-ല്‍ അറസ്റ്റിലായ ഇമ്രാന്‍ ഖാന് അഴിമതിക്കേസില്‍ മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ലഭിക്കുകയും അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. നൂറിലധികം കേസുകള്‍ നേരിടുന്ന ഖാന്, പ്രധാനമന്ത്രിയായിരിക്കെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായി ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന ഭൂമി കൈക്കലാക്കിയെന്ന അഴിമതിക്കേസില്‍ 14 വര്‍ഷത്തെ തടവുശിക്ഷ കൂടിയാണ് വിധിക്കപ്പെട്ടത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇമ്രാന്‍ ഖാനും പാര്‍ട്ടിയും വാദിക്കുന്നു.മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ ഇമ്രാന്‍ ഖാന്‍ 2018 മുതല്‍ 2022 വരെയാണ് പാകിസ്താന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. തുടര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടു. അധികാരത്തില്‍ വരുന്നതിന് മുന്‍പ് പാകിസ്താന്‍ സൈന്യവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഖാന്‍, പുറത്താക്കപ്പെട്ടതിന് ശേഷം അമേരിക്കയെയും അന്നത്തെ ആര്‍മി ചീഫ് ജനറല്‍ ബജ്വെയെയുമാണ് ആരോപണമുനയില്‍ നിര്‍ത്തിയത്. പിന്നീട് 2023 മെയ് മാസത്തിലെ അറസ്റ്റിന് ശേഷം, നിലവിലെ പാക് ആര്‍മി ചീഫ് അസിം മുനീറിന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും തനിക്കെതിരെയുള്ള നടപടികള്‍ക്കും പാര്‍ട്ടിക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കും പിന്നില്‍ അദ്ദേഹമാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *