കൊച്ചി: ഡി.ജി.പി. എസ്. ശ്രീജിത്ത് എ.ഡി.ജി.പി.യായിരുന്നപ്പോൾ അനുമതിയില്ലാതെ വിദേശത്തെ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നേരിട്ടു ഹാജരായ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി മിൻഹാജ് ആലം ആണ് ഇക്കാര്യം അറിയിച്ചത്.ഇപ്പോൾ അന്വേഷണം ആവശ്യമില്ലെന്നതിന്റെ അർത്ഥം പിന്നീട് ഉണ്ടാകുമോ എന്നാണോയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഉറച്ചതീരുമാനമില്ലല്ലോയെന്നും വിമർശിച്ചു. ആഭ്യന്തര സെക്രട്ടറിയുടേത് പ്രധാന തസ്തികയാണ്. അതിന്റെ ഉത്തരവാദിത്വം കാട്ടിയില്ലെങ്കിൽ നിരന്തരം കോടതിയിൽ വരേണ്ടിവരുമെന്നും പറഞ്ഞു.വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ദിപിൻ എടവന നൽകിയ ഹർജി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കോടതി തീർപ്പാക്കി.ഹർജിക്കാരനെ കേട്ട് തീരുമാനമെടുക്കണമെന്ന കോടതിയുടെ നിർദേശം നടപ്പാക്കാൻ സമയംതേടി കീഴുദ്യോഗസ്ഥൻ വഴി അപേക്ഷ നൽകിയതിന് അഡീ. ചീഫ് സെക്രട്ടറിയെ കോടതി രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതി വില്ലേജ് ഓഫീസോ താലൂക്ക് ഓഫീസോ അല്ലെന്നും സംസ്ഥാനത്തെ പരമോന്നത കോടതിയാണെന്നും ഓർമ്മിപ്പിച്ചു.നടപടികൾ അതിന്റെ ഗൗരവത്തിലെടുക്കണം. സമയം തേടുമ്പോൾ ക്ലാർക്ക് വഴിയോ പ്യൂൺ വഴിയോ അല്ല അപേക്ഷനൽകേണ്ടത്. അല്ലെങ്കിൽ വലിയ പിഴ ചുമത്തുമെന്നും പറഞ്ഞു.ശ്രീജിത്തിനെതിരായ പരാതിയിൽ ദിപിൻ എടവനയെ തനിച്ചുകേട്ട് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന് സമയംതേടിയാണ് കീഴുദ്യോഗസ്ഥൻ വഴി അപേക്ഷ നൽകിയത്. തുടർന്നാണ് അഡീ. ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.ആരോപണവിധേയനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനായിരുന്നു വിജിലൻസ് നോട്ടീസ് നൽകിയത്. തുടർന്നാണ് പരാതിക്കാരനെ തനിച്ച് കേൾക്കണമെന്ന് കോടതി നിർദേശിച്ചത്.
ഡി.ജി.പി. എസ്. ശ്രീജിത്തിന്റെപേരിൽ വിജിലൻസ് അന്വേഷണമില്ലെന്ന് സർക്കാർ; ഹൈക്കോടതി ഹർജി തീർപ്പാക്കി
