അയോധ്യയിലെ രാമക്ഷേത്ര സംഭാവനകളുടെ കണക്കിൽ ക്രമക്കേടുകൾ ഉണ്ടെന്ന് വെളിപ്പെടുത്തി വാർത്ത നൽകിയ മാധ്യമപ്രവർത്തകന് നേരെ ഗാസിയാബാദ് പൊലീസ് എടുത്ത എഫ്.ഐ.ആറിനെതിരെ സുപ്രീം കോടതിയിൽ ഹരജി. പ്രസ്തുത ഹരജി കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ തീരുമാനിച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ ഹരജി ചൊവ്വാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്. റോഡ് റേയ്സ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നാണ് അദ്ദേഹത്തിന്റെ വാദം.തനിക്കെതിരെ പല എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒടുവിൽ എസ്.സി/എസ്.ടി ആക്ട് പോലുള്ള കർശന വകുപ്പുകൾ പോലും ചുമത്തിയിട്ടുണ്ടെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പൊലീസ് വീട്ടിൽ റെയ്ഡ് നടത്തിയെന്നും കൃത്യമായ നിയമനടപടികൾ തേടിയാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെറ്റീഷനിലെ ചെറിയ പിഴവുകൾ പരിഹരിച്ച ശേഷം വിഷയം ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിക്കുകയായിരുന്നു.സ്വതന്ത്രമായ മാധ്യമപ്രവർത്തനം നടത്തിയതിന്റെ പേരിൽ തന്നെ ബോധപൂർവ്വം വേട്ടയാടാനാണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അഭിഷേക് ഉപാധ്യായ തന്റെ ഹരജിയിൽ ആരോപിക്കുന്നു. എഫ്.ഐ.ആർ പകർപ്പ് പോലും തനിക്ക് നൽകിയിട്ടില്ലെന്നും സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്യാൻ പൊലീസ് സമീപത്തെ കടക്കാരെ നിർബന്ധിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. കേസ് റദ്ദാക്കണമെന്നോ അല്ലെങ്കിൽ ഉത്തർപ്രദേശ് പൊലീസിന് പുറമെ മറ്റ് സ്വതന്ത്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
രാമക്ഷേത്ര സംഭാവന വിവാദം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെ എഫ്.ഐ.ആർ രേഖപ്പെടുത്തിയ സംഭവം; ഹർജി സുപ്രീം കോടതി പരിഗണിക്കും
